കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് അനുശോചിച്ചു
Thursday, February 20, 2025 5:32 AM IST
താമരശേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് എൽപി സ്കൂളിലെ അധ്യാപിക അലീന ബെന്നിയുടെ മരണത്തിൽ ടീച്ചേഴ്സ് ഗിൽഡ് മലബാർ മേഖല കമ്മിറ്റി അനുശോചിച്ചു.
വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥരുടെ അലംഭാവവും മൂലം വർഷങ്ങളായി നിയമന അംഗീകാരവും ശമ്പള ആനുകൂല്യങ്ങളും ലഭിക്കാതെ കഷ്ടപ്പെടുന്ന അധ്യാപകരുടെ രക്തസാക്ഷിയാണ് ഈ യുവ അധ്യാപിക. അധ്യാപികയുടെ മരണവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലും സ്വകാര്യ മാധ്യമങ്ങളിലും ചില തത്പരകക്ഷികൾ പ്രചരിപ്പിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതവും ഗൂഢ ലക്ഷ്യത്തോടെയുള്ളതുമാണ്.
അലീന ബെന്നിയുടെ മരണത്തിനിടയാക്കിയ യഥാർഥ കാരണങ്ങൾ കണ്ടെത്തി സത്വര പരിഹാരം ഉണ്ടാക്കാൻ വിദ്യാഭ്യാസ വകുപ്പ് അധികൃതർ ശ്രമിക്കണം. സ്കൂൾ മാനേജ്മെന്റിനെതിരേ വിദ്വേഷം പ്രചരിപ്പിക്കുന്നതിനുള്ള നീക്കത്തിനെതിരേ പൊതുസമൂഹം ജാഗരൂകരാകണമെന്ന് കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് മലബാർ മേഖല കമ്മിറ്റി സെക്രട്ടറി റോഷൻ മാത്യു, പ്രസിഡന്റ് വിപിൻ എം. സെബാസ്റ്റ്യൻ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.