ചൂരൽമലയിൽ പുതിയ പാലത്തിന് 35 കോടിയുടെ പദ്ധതിക്ക് അംഗീകാരം
സ്വന്തം ലേഖകൻ
Thursday, February 20, 2025 6:02 AM IST
തിരുവനന്തപുരം: വയനാട് പുനർനിർമാണത്തിന് കേന്ദ്രം അനുവദിച്ച കാപ്പക്സ് വായ്പയിൽ ഉൾപ്പെടുത്തി പൊതുമരാമത്ത് വകുപ്പിന്റെ പാലം നിർമാണ പദ്ധതികൾക്കു തുടക്കമായി. വയനാട് ഉരുൾപൊട്ടലിൽ പൂർണമായി തകർന്ന ചൂരൽമല പാലം കൂടുതൽ ഉറപ്പോടെ പുനർനിർമിക്കുന്നതിനായി പൊതുമരാമത്തു വകുപ്പ് സമർപ്പിച്ച 35 കോടി രൂപയുടെ പദ്ധതി നിർദേശം ധനവകുപ്പ് അംഗീകരിച്ചു.
കാപ്പക്സ് വായ്പ മറ്റു വകുപ്പുകളുടെ അക്കൗണ്ടുകളിലേക്കു നൽകി, വിനിയോഗ സർട്ടിഫിക്കറ്റ് നൽകുന്നതിനു കൂടിയാണ് നടപടി. ചൂരൽമല ടൗണിൽനിന്നു മുണ്ടക്കൈ റോഡിലേക്ക് എത്തുന്ന രീതിയിലാണ് പാലം പണിയുകയെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
മേപ്പാടിയെ മുണ്ടക്കൈ, അട്ടമലയുമായി ബന്ധിപ്പിച്ചിരുന്ന പാലമാണ് പുനർനിർമിക്കുന്നത്.