മതവിദ്വേഷ കേസുകള്‍ ഗുരുതരകുറ്റം, ജയില്‍ ശിക്ഷ ഉറപ്പാക്കണം: കോടതി
Thursday, February 20, 2025 6:02 AM IST
കൊച്ചി: മതവിദ്വേഷ കേസുകള്‍ ഗുരുതര കുറ്റകൃത്യമായി കണക്കാക്കി ജയില്‍ശിക്ഷ ഉറപ്പാക്കേണ്ടതാണെന്ന് ഹൈക്കോടതി. മതേതര രാജ്യമായ ഇന്ത്യയില്‍ ഈ പ്രവണത അംഗീകരിക്കാനാകില്ല. ഇത്തരം കുറ്റകൃത്യത്തിനുള്ള ശിക്ഷ വര്‍ധിപ്പിക്കുന്ന കാര്യം നിയമനിര്‍മാണം നടത്തുന്നവര്‍ കണക്കിലെടുക്കണമെന്നും ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന് വാക്കാല്‍ പറഞ്ഞു.
ചാനല്‍ ചര്‍ച്ചയില്‍ മുസ്ലിം വിരുദ്ധ പ്രസ്താവന നടത്തിയെന്ന കേസില്‍ പ്രതിയായ ബിജെപി നേതാവ് പി.സി. ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കവേയാണു കോടതി നിരീക്ഷണം. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റി.
ചാനല്‍ ചര്‍ച്ചയ്ക്കിടെ മുസ്ലിം ലീഗ് പ്രതിനിധി പ്രകോപിപ്പിച്ചതിനെത്തുടര്‍ന്ന് മറുപടി നല്കിയപ്പോള് സംഭവിച്ച നാക്കുപിഴയാണെന്നും അബദ്ധം മനസിലായപ്പോള്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറഞ്ഞെന്നുമുള്ള വാദമാണ് പി.സി. ജോര്‍ജ് ആവര്‍ത്തിച്ചത്. അതേസമയം, പതിറ്റാണ്ടുകള്‍ ജനപ്രതിനിധിയായിരുന്ന ഒരാളില്‍ നിന്ന് ഇത്തരം പരാമര്‍ശങ്ങള്‍ പാടില്ലെന്ന് കോടതിയും ആവര്‍ത്തിച്ചു. ചാനല്‍ ചര്‍ച്ച നയിച്ച അവതാരകനാണു യഥാര്‍ഥത്തില്‍ ഹര്‍ജിക്കാരനെ കുടുക്കിയതെന്ന് വാദത്തിനിടെ കോടതി വാക്കാല്‍ പറഞ്ഞു.
ഹര്ജിക്കാരന് ഇത്തരം വാചകങ്ങള്‍ പറയുമ്പോള്‍ ചിരിക്കുകയും പ്രോത്സാഹിപ്പിക്കുകയുമായിരുന്നു അവതാരകന്. മൂന്നു വര്‍ഷം വരെ മാത്രം തടവോ പിഴയോ രണ്ടും കൂടിയോ ആണ് ഈ കുറ്റകൃത്യത്തിനു ശിക്ഷയെന്നും ഹര്ജിക്കാരന് നാക്കുപിഴ സംഭവിച്ചതല്ലേയെന്നും കോടതി ചോദിച്ചു. എന്നാല്‍, ഇത് ഒരു തവണ അബദ്ധത്തില്‍ സംഭവിച്ചതല്ലെന്നും പ്രതി നിരന്തരം ഒരേ കുറ്റം ആവര്‍ത്തിക്കുകയാണെന്നും സര്‍ക്കാര്‍ അഭിഭാഷകന് ചൂണ്ടിക്കാട്ടി.
പ്രതിയുടെ കസ്റ്റഡി ആവശ്യമില്ലാത്ത കേസാണിതെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകന് വാദിച്ചു. എന്നാല്‍, കസ്റ്റഡി ആവശ്യമില്ലെങ്കില്‍പ്പോലും കേസിന്റെ ഗുരുതരാവസ്ഥയും പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തുവെന്ന ബോധ്യവും പരിഗണിച്ച് മുന്‍കൂര്‍ജാമ്യം നിഷേധിക്കാനാകുമെന്ന് സുമിത് പ്രദീപ് കേസിലെ സുപ്രീംകോടതി നിരീക്ഷണം ഉദ്ധരിച്ച് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.