നിക്ഷേപക ഉച്ചകോടിക്കു നാളെ തുടക്കം
സ്വന്തം ലേഖകൻ
Thursday, February 20, 2025 6:02 AM IST
കൊച്ചി: കേരള വികസന ഭൂമികയിലേക്കു സംരംഭകരെയും ആഗോള സ്ഥാപനങ്ങളെയും ആകർഷിക്കുന്നതിന് സംസ്ഥാനസർക്കാർ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് (ഐകെജിഎസ്) നാളെ കൊച്ചിയിൽ തുടക്കമാകും.
ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്ററിൽ നടക്കുന്ന ദ്വിദിന ഉച്ചകോടിയിൽ 26 രാജ്യങ്ങളിൽനിന്നു നയതന്ത്രപ്രതിനിധികൾ ഉൾപ്പെടെ 3000 പേർ പങ്കെടുക്കും. ബഹറിൻ, അബുദാബി, സിംബാബ് വേ എന്നീ രാജ്യങ്ങളിലെ മന്ത്രിതലസംഘമാണ് ഉച്ചകോടിക്കെത്തുന്നത്.
നാളെ രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. വിവിധ സെഷനുകളിൽ കേന്ദ്ര, സംസ്ഥാന മന്ത്രിമാരും വിദേശ പ്രതിനിധികളും പങ്കെടുക്കുമെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു.
കേന്ദ്രമന്ത്രിമാരായ നിഥിന് ഗഡ്കരി (ഓണ്‍ലൈന്‍), പീയൂഷ് ഗോയല്‍, ജയന്ത് ചൗധരി, യുഎഇ ധനമന്ത്രി അബ്ദുള്ള ബിന്‍ തുക് അല്‍മാരി, ബഹറിന്‍ വാണിജ്യമന്ത്രി അബ്ദുള്ള ബിന്‍ അദെല്‍ ഫഖ്രു, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, വ്യവസായിയും നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനുമായ എം.എ. യൂസഫലി, സിഐഐ പ്രസിഡന്റ് സഞ്ജീവ് പൂരി, അദാനി പോര്‍ട്സ് എംഡി കരണ്‍ അദാനി തുടങ്ങിയവരും ഉദ്ഘാടനസമ്മേളനത്തിൽ പങ്കെടുക്കും.
മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് എന്നിവർ പ്രസംഗിക്കും. 28 പ്രത്യേക സെഷനുകള്‍, ആറു രാജ്യങ്ങളുടെ സഹകരണം, 3000 പ്രതിനിധികള്‍, സാംസ്കാരിക പരിപാടികൾ തുടങ്ങിയവ ഉച്ചകോടിയുടെ ആകര്‍ഷണങ്ങളാണ്. പൊതുമേഖലാസ്ഥാപനങ്ങള്‍, 105 പൊതുമേഖലയിലെ കരകൗശല സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവയുടെ പ്രദര്‍ശനവും ഉച്ചകോടിയിലുണ്ടാകും.
വിഷയം വികസനം
കേരളം- ചെറിയ ലോകവും വലിയ സാധ്യതകളും, സ്റ്റാര്‍ട്ടപ്പ്-ഇന്നൊവേഷന് പ്രോത്സാഹനം, പ്രതിഭകളുടെ ഭാവി, മെഡിക്കല്‍ എക്സലന്‍സ്-ആയുര്‍വേദ, സൗഖ്യചികിത്സ, ഭാവിയുടെ വളര്‍ച്ചയ്ക്ക് സമുദ്രോത്പന്നമേഖലയെ ഉപയോഗപ്പെടുത്തല്‍, ഓട്ടോമോട്ടീവ് ടെക്നോളജി-ഇന്നവേഷന്‍ ഭാവി, തുറമുഖ കേന്ദ്രീകൃത അതിദ്രുത വികസനം, ഒരു ട്രില്യണ്‍ സമ്പദ് വ്യവസ്ഥയിലേക്കുള്ള കേരളത്തിന്റെ പാത, കപ്പല്‍ നിര്‍മാണത്തിലെ കേരളത്തിന്റെ അവസരങ്ങള്‍, പരമ്പരാഗതമേഖലയുടെ ശക്തീകരണം, റബര്‍ ഉള്‍പ്പെടെയുള്ള മൂല്യവര്‍ധിത തോട്ടം മേഖല, എയ്റോസ്പേസ്-ഡിഫന്‍സ് ഇന്നവേഷന്‍, മൂല്യവര്‍ധിത-ഭക്ഷ്യസംസ്കരണത്തിലൂടെ കാര്‍ഷിക-ഭക്ഷ്യമേഖലകളുടെ വികസനം, മെഡിക്കല്‍ ഡിവൈസ് ഹബ്-കേരളം ഉത്തമമാതൃക തുടങ്ങിയ വിഷയങ്ങളിൽ രണ്ടു ദിവസങ്ങളിലായി പാനൽ ചർച്ചകൾ നടക്കും. ഉന്നത ഉദ്യോഗസ്ഥരും വ്യവസായ, സംരംഭക പ്രമുഖരും പങ്കെടുക്കും.
ബിടുബി കൂടിക്കാഴ്ചകൾ
വിദേശ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും വ്യവസായ നിക്ഷേപകരുമായി ഉച്ചകോടിയിൽ ബിസിനസ് ടു ബിസിനസ് (ബിടുബി) കൂടിക്കാഴ്ചകൾ നടക്കും. സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള കേരളത്തിലെ അനുകൂല അന്തരീക്ഷം ബോധ്യപ്പെടുത്തുകയും സാധ്യതകൾ ചൂണ്ടിക്കാട്ടുകയുമാണ് ലക്ഷ്യം. ഫ്രാന്‍സ്, മലേഷ്യ എന്നിവിടങ്ങളിലെ പ്രതിനിധികളുമായി ബിടുബി കൂടിക്കാഴ്ചകൾ ഇതിനകം നിശ്ചയിച്ചിട്ടുണ്ട്.
കെ-ഫോണ്‍ ഇന്റർനെറ്റ് പാര്‍ട്ണർ
ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിൽ കെ-ഫോണ്‍ ഔദ്യോഗിക ഇന്റര്‍നെറ്റ് പാര്‍ട്ണറാകും. പരിപാടിക്ക് ആവശ്യമായ ഇന്റര്‍നെറ്റ് കണക്ടിവിറ്റി കെ-ഫോണ്‍ ഒരുക്കും. കെ-ഫോണ്‍ നല്കുന്ന സേവനങ്ങള്‍ മനസിലാക്കാനും ആസ്വദിക്കാനും കെ-ഫോണ്‍ എക്സ്പീരിയന്‍സ് സോണും ഉച്ചകോടിസ്ഥലത്ത് ഒരുക്കുന്നുണ്ട്. പുതുതായി കെ-ഫോണ്‍ കണക്ഷൻ ലഭ്യമാക്കാന്‍ കെ-ഫോണ്‍ ടീം സജ്ജമാണ്.