യുജിസി: സർക്കുലർ പിൻവലിക്കണമെന്ന് ഗവർണർ
സ്വന്തം ലേഖകൻ
Thursday, February 20, 2025 6:02 AM IST
തിരുവനന്തപുരം: യുജിസി കരടുനയത്തിനെതിരേ ഇന്നു സർക്കാർ നടത്തുന്ന കണ്വൻഷൻ സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സർക്കുലർ പിൻവലിക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഇതിലെ പ്രതിഷേധം മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് അറിയിക്കുകയും സർക്കുലർ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഗവർണറുടെ അഭിപ്രായത്തോട് യോജിച്ച മുഖ്യമന്ത്രി, സർക്കുലർ പിൻവലിക്കാമെന്ന് അറിയിച്ചെങ്കിലും രാത്രി വൈകിയും സർക്കുലർ പിൻവലിച്ചിട്ടില്ല. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയിയും ഗവർണറെ ഫോണിൽ വിളിച്ച് സർക്കുലർ പിൻവലിക്കുമെന്ന് അറിയിച്ചു. പകരം സർക്കുലറിലെ വിഷയം എന്ന ഭാഗത്ത് ചെറിയ തിരുത്തൽ വരുത്തി.
യുജിസി റഗുലേഷന്റെ കരടിനെതിരേ സംഘടിപ്പിക്കുന്ന ദേശീയ ഉന്നത വിദ്യഭ്യാസ കണ്വൻഷൻ എന്നായിരുന്നു വിഷയം. ഇതിൽ എതിരേ എന്ന പദം ഒഴിവാക്കുകയായിരുന്നു. പകരം കരടിനെക്കുറിച്ച് എന്നാക്കിയതായി ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. യുജിസി കരടുനയത്തെ എതിർക്കുന്ന വൈസ് ചാൻസലർമാർ മാത്രം കണ്‍വൻഷനിൽ പങ്കെടുത്താൽ മതിയെന്ന് ഗവർണറുടെ ഓഫീസ് വിസിമാരെ അറിയിച്ചു.
നേരത്തേ വിസിമാർ പങ്കെടുക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് ഗവർണർ അവരെ അറിയിച്ചിരുന്നു. സർക്കാരുമായി ഒത്തു പോകുമെന്നു ഗവർണർ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് യുജിസി കണ്‍വൻഷനിൽ ഗവർണറും സർക്കാരും തമ്മിൽ ഇടയുന്നത്.