മദ്യനിർമാണശാലയുമായി സർക്കാർ മുന്നോട്ട് ;സിപിഐയും ആർജെഡിയും എതിർത്തു
സ്വന്തം ലേഖകൻ
Thursday, February 20, 2025 6:15 AM IST
തിരുവനന്തപുരം: സിപിഐയുടെയും ആർജെഡിയുടെയും എതിർപ്പു മറികടന്ന് പാലക്കാട് എലപ്പുള്ളിയിൽ മദ്യനിർമാണശാലയുമായി മുന്നോട്ടുപോകാൻ സർക്കാരിന് ഇടതുമുന്നണിയുടെ അനുമതി. ഇന്നലെ സിപിഐ ആസ്ഥാനമായ എം.എൻ. സ്മാരകത്തിൽ ചേർന്ന ഇടതുമുന്നണി യോഗം ദീർഘനേരം ചർച്ച ചെയ്ത ശേഷമാണു ബ്രൂവറി വിഷയത്തിൽ തീരുമാനമെടുത്തത്.
ഭൂഗർഭജലം പദ്ധതിക്കായി ഉപയോഗിക്കില്ലെന്നും കൃഷിക്ക് ഒരു തരത്തിലും പദ്ധതി ദോഷകരമാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ വ്യക്തമാക്കി. എന്നാൽ, നയപരമായ ഒരു വിഷയത്തിൽ ഇടതുമുന്നണി ചർച്ച ചെയ്യാതെ സർക്കാർ പദ്ധതിയുമായി മുന്നോട്ടു പോയതു ശരിയായ നിലപാടല്ലെന്നും ഇതു ഭാവിയിൽ മുന്നണിക്കു ദോഷം ചെയ്യുമെന്നും സിപിഐയും ആർജെഡിയും നിലപാടെടുത്തു.
എന്നാൽ ഇരുപാർട്ടികളുടെയും നിലപാട് പൂർണമായും തള്ളി പാലക്കാട് മദ്യനിർമാണശാലയുമായി മുന്നോട്ടു പോകാൻ ഇടതുമുന്നണി തീരുമാനിച്ചു.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഭൂപരിഷ്കരണ നിയമവും നെൽവയൽ തണ്ണീർത്തട നിയമവുമൊക്കെ ചൂണ്ടിക്കാട്ടി ബ്രൂവറിയെ എതിർക്കാൻ ശ്രമിച്ചു. എന്നാൽ ഭൂഗർഭജലം മദ്യശാലയ്ക്കു വേണ്ടിവരില്ലെന്നു മുഖ്യമന്ത്രിയെന്ന നിലയിൽ താൻ ഉറപ്പുനൽകുന്പോൾ എന്തിനാണ് എതിർപ്പു പ്രകടിപ്പിക്കുന്നത് എന്നായിരുന്നു പിണറായി വിജയന്റെ ചോദ്യം. സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദനും മുഖ്യമന്ത്രിയുടെ നിലപാടിനൊപ്പം ഉറച്ചുനിന്നതോടെ സിപിഐയും ആർജെഡിയും അയഞ്ഞു. മറ്റു പാർട്ടിനേതാക്കളാരും എതിർപ്പു പ്രകടിപ്പിച്ചില്ല.
സംസ്ഥാനത്തിന്റെ തനതുവരുമാനം വർധിപ്പിക്കാനുള്ള പദ്ധതികളുമായി സർക്കാർ മുന്നോട്ടുപോകണമെന്ന അഭിപ്രായമാണു മറ്റു പാർട്ടികൾ സ്വീകരിച്ചത്. കിഫ്ബിയുമായി ബന്ധപ്പെട്ടുള്ള വൻപദ്ധതികളിൽ യൂസർ ഫീ ഏർപ്പെടുത്താനുള്ള ചർച്ച ഇന്നലത്തെ യോഗത്തിൽ ഉണ്ടായില്ല. ഇക്കാര്യത്തിൽ കൂടുതൽ ആലോചനകൾക്കു ശേഷം ചർച്ച ചെയ്യാമെന്നു മുഖ്യമന്ത്രി തന്നെ യോഗത്തിൽ പറഞ്ഞു.