ക്ഷേമപെൻഷനു വകയില്ല; പിഎസ്സിയിൽ വാരിക്കോരി
സ്വന്തം ലേഖകൻ
Thursday, February 20, 2025 6:16 AM IST
തിരുവനന്തപുരം: സാന്പത്തിക പ്രതിസന്ധിയിൽ ക്ഷേമപെന്ഷനുകൾ മുടങ്ങിക്കിടക്കുന്പോഴും കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്സി) ചെയർമാനും അംഗങ്ങളും അടക്കമുള്ളവരുടെ പ്രതിമാസ ശന്പളത്തിൽ ഒന്നര ലക്ഷത്തോളം രൂപയുടെ വർധന.
മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. പിഎസ്സി ചെയർമാന്റെ ശന്പളസ്കെയിൽ ജില്ലാ ജഡ്ജിമാരുടെ പരമാവധി സൂപ്പർ ടൈം സ്കെയിലിനും അംഗങ്ങളുടേത് ജില്ലാ ജഡ്ജിമാരുടെ പരമാവധി സെലക്ഷൻ ഗ്രേഡിനും സമാനമായി പരിഷ്കരിക്കാനാണ് തീരുമാനം. 2,24,100 രൂപയാണ് ജില്ലാ ജഡ്ജിമാരുടെ സൂപ്പർ ടൈം സ്കെയിൽ പരമാവധി അടിസ്ഥാന ശന്പളം. ഇതനുസരിച്ച് മറ്റ് അലവൻസുകൾ ഉൾപ്പെടെ പിഎസ്സി ചെയർമാന് 3.5-4 ലക്ഷത്തിനിടയിൽ ശന്പളം ലഭിക്കും. അംഗങ്ങൾക്ക് 2,19,090 രൂപ അടിസ്ഥാന ശന്പളം കണക്കാക്കുന്പോൾ 3.5 ലക്ഷത്തോളം രൂപയും ലഭിക്കും.
നിലവിൽ പിഎസ്സി ചെയർമാന് 76,450 രൂപ അടിസ്ഥാന ശന്പളമായി കണക്കാക്കി 2.60 ലക്ഷം രൂപയും അംഗങ്ങൾക്ക് 70,290 രൂപ അടിസ്ഥാന ശന്പളമായി കണക്കാക്കി 2.42 ലക്ഷം രൂപയുമാണു ലഭിച്ചുവന്നത്. ഇതിലാണ് അടിസ്ഥാന ശന്പളത്തിൽ മൂന്ന് ഇരട്ടിയോളം വർധന വരുത്താൻ മന്ത്രിസഭ തീരുമാനിച്ചത്.
സർക്കാർ സർവീസുകളിലേക്കുള്ള പിഎസ്സി നിയമനങ്ങളിൽ ഏതാണ്ട് പകുതിയോളം കുറവു വരുന്പോഴാണ് പിഎസ്സി ചെയർമാനും അംഗങ്ങളും അടക്കമുള്ളവരുടെ ശന്പളത്തിലും മറ്റ് ആനുകൂല്യങ്ങളിലും വൻ വർധന വരുത്താൻ സർക്കാർ തീരുമാനിച്ചത്. കൂടാതെ ഇവർക്ക് കാർ, ഡ്രൈവർ, താമസത്തിന് ഫ്ളാറ്റ് എന്നിവയുമുണ്ട്. ഭരണഘടനാ പദവിയ്ക്ക് അനുസരിച്ച് ചെയർമാന് നാല് ലക്ഷവും അംഗങ്ങൾക്ക് 3.75 ലക്ഷത്തോളം രൂപയും ലഭിക്കും വിധം ശന്പളം പരിഷ്കരണം ആവശ്യപ്പെട്ടാണ് സർക്കാരിലേക്ക് റിപ്പോർട്ട് നൽകിയിരുന്നത്.
സാന്പത്തിക പ്രതിസന്ധിയെ തുടർന്ന് ശന്പള വർധന ഫയൽ ധനവകുപ്പിന്റെ എതിർപ്പിനെ തുടർന്നു പലതവണ മന്ത്രിസഭ മാറ്റിവച്ചിരുന്നു. ഇതാണ് ഇന്നലെ ചേർന്ന മന്ത്രിസഭ പരിഗണിച്ചത്. മറ്റു സംസ്ഥാനങ്ങളിലെ പിഎസ്സി ചെയർമാന്റെയും അംഗങ്ങളുടെയും നിലവിലെ സേവന- വേതന വ്യവസ്ഥകൾ ഉൾപ്പെടെ പരിഗണിച്ച ശേഷമാണ് തീരുമാനം. രാജ്യത്ത് ഏറ്റവും കൂടുതൽ അംഗങ്ങളുള്ളത് കേരളാ പിഎസ്സിയിലാണ്; 21 പേർ. സിപിഎം, സിപിഐ, കേരള കോണ്ഗ്രസ്-എം, എൻസിപി എന്നിവരുടെ പ്രതിനിധികളാണ് അംഗങ്ങൾ.
പെൻഷനിലും വൻ വർധന വരും
തിരുവനന്തപുരം: ശന്പളവർധന നടപ്പിലാകുന്നതോടെ പിഎസ്സി ചെയർമാനും അംഗമായും വിരമിച്ചവർക്കുള്ള പെൻഷനിലും വലിയ വർധന വരും. ഒരു വർഷം പിഎസ്സി അംഗമായി ഇരുന്നയാൾക്ക് ശന്പളത്തിന്റെ 7.5 ശതമാനമാണ് അടിസ്ഥാന പെൻഷൻ തുക. തുടർന്നുള്ള ഓരോ വർഷവും 7.5 ശതമാനം വീതമാണ് പെൻഷൻ തുകയായി വർധിക്കുക. ആറു വർഷമാണു പരമാവധി കാലാവധി. ആറു വർഷവും അംഗത്വമുണ്ടായിരുന്നയാൾക്ക് ശന്പളത്തിന്റെ 45 ശതമാനം തുക അടിസ്ഥാന പെൻഷനായി ലഭിക്കും. കൂടാതെ, യഥാസമയങ്ങളിലെ ഡിഎയുമുണ്ടാകും. ഏതാണ്ട് രണ്ടു ലക്ഷത്തിനു മുകളിൽ പ്രതിമാസ പെൻഷനായി ലഭിക്കും.
ജീവനക്കാരുടെയും പെൻഷൻകാരുടെയും
ക്ഷേമപെൻഷൻകാരുടെയും കുടിശിക
• സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡിഎ- 19 ശതമാനം
• സർക്കാർ ജീവനക്കാരുടെ ശന്പള പരിഷ്കരണം- നാലു ഗഡു
• ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം അഞ്ചു വർഷമായി നൽകിയിട്ടില്ല.
• സർവീസ് പെൻഷൻകാർക്ക് ക്ഷാമാശ്വാസത്തിൽ
(ഡിആർ) -19 ശതമാനം
• സാമൂഹികസുരക്ഷാ, ക്ഷേമപെൻഷൻ- മൂന്നു മാസം