കാട്ടാന ആക്രമണത്തിൽ ആദിവാസി കൊല്ലപ്പെട്ടു
Thursday, February 20, 2025 6:15 AM IST
പീച്ചി: കാട്ടാനയുടെ ആക്രമണത്തിൽ താമരവെള്ളച്ചാലിൽ ആദിവാസി കൊല്ലപ്പെട്ടു. മലയൻ വീട്ടിൽ വേലായുധന്റെ മകൻ പ്രഭാകരൻ(58) ആണു മരിച്ചത്. ഇന്നലെ പുലർച്ചെയാണ് കാട്ടാന ആക്രമിച്ചത്. വനവിഭവം ശേഖരിക്കാൻ കാട്ടിൽ പോയതായിരുന്നു. ഇതിനിടെ കാട്ടാനയുടെ മുന്നിൽ ചെന്നുപെട്ട മരുമകൻ ലിജോയെ കാട്ടാന ആക്രമിക്കാൻ ശ്രമിച്ചു.
ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രഭാകരനു നേരേ തിരിഞ്ഞ ആന ഇയാളെ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. മകൻ പ്രശോഭും ഓടി രക്ഷപ്പെട്ടു. ഇവർ തിരികെയെത്തി ബന്ധുക്കളെയും നാട്ടുകാരെയും വിവരമറിയിച്ചു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരും ചേർന്നു നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മൃതദേഹം ഇന്നു സംസ്കരിക്കും. ഭാര്യ: ഷീബ. മക്കൾ: പ്രശോഭ്, പ്രബിത, പ്രതിഭ, പ്രവിത. മരുമകൻ: ലിജോ. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പ്രഭാകരന്റെ വീടു സന്ദർശിച്ച് നഷ്ടപരിഹാരമായി 10 ലക്ഷം രൂപയും ഇൻഷ്വറൻസ് തുകയായി ഒരു ലക്ഷം രൂപയും നൽകുമെന്നറിയിച്ചു.