മദ്യനയം പരിഗണിക്കാതെ മന്ത്രിസഭ
സ്വന്തം ലേഖകൻ
Thursday, February 20, 2025 6:15 AM IST
തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളുമായി കള്ളുഷാപ്പുകൾക്കുള്ള ദൂരപരിധിയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തെ തുടർന്ന് എൽഡിഎഫ് സർക്കാരിന്റെ പുതുക്കിയ മദ്യനയം മന്ത്രിസഭായോഗം പരിഗണിക്കാതെ മാറ്റിവച്ചു.
ദൂരപരിധിയിൽ അഭിപ്രായ ഐക്യം രൂപപ്പെടുത്തിയ ശേഷം പുതിയ മദ്യനയം വീണ്ടും മന്ത്രിസഭ പരിഗണിക്കും. പുതുക്കിയ മദ്യനയം എൽഡിഎഫിലും വിശദമായി ചർച്ചചെയ്ത ശേഷമാകും നടപടി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും നിന്ന് കള്ളുഷാപ്പുകൾക്കുള്ള ദൂരപരിധി 400 മീറ്ററിൽ നിന്ന് 200 മീറ്ററാക്കി കുറയ്ക്കണമെന്നാണ് ആവശ്യം. ഇതിനു മുന്നോടിയായി കരട് മദ്യനയത്തിൽ മാറ്റം വരുത്തും. ഇന്നലെ ചേർന്ന മന്ത്രിസഭയിൽ കരട് മദ്യനയം വന്നെങ്കിലും കൂടുതൽ ചർച്ച വേണമെന്ന ചില സിപിഎം മന്ത്രിമാരുടെ ആവശ്യത്തെ തുടർന്നു മാറ്റിവയ്ക്കുകയായിരുന്നു.
ബാറുകൾക്കും വിദേശമദ്യ വിൽപ്പനശാലകൾക്കും ദൂരപരിധി കുറച്ച ശേഷം കള്ളുഷാപ്പുകൾക്കു മാത്രമായി ദുരപരിധി ഉയർത്തിയ സർക്കാർ നടപടിയിൽ ചില മന്ത്രിമാർ എതിർപ്പ് അറിയിച്ചു. കള്ളു ചെത്തുമേഖലയുടെ നിലനിൽപ്പിനു തന്നെ ഇത്തരം നിയന്ത്രണം ഹാനികരമാകുമെന്ന അഭിപ്രായവും ഉയർന്നു.
ബാറുകൾക്ക് ഇളവു നൽകിയ സാഹചര്യത്തിൽ കള്ളുഷാപ്പുകളുടെ ദൂരപരിധി നിയന്ത്രണം കുറയ്ക്കണമെന്ന ആവശ്യം സജീവമാണ്. പുതിയ മാതൃകാ കള്ളുഷാപ്പുകൾ തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ദൂരപരിധി നിയന്ത്രണം തടസമാണെന്നാണ് വാദം. വിനോദസഞ്ചാരികളെക്കൂടി ലക്ഷ്യമിട്ട് ആഡംബരസൗകര്യമുള്ള ഷാപ്പുകളാണ് വിഭാവനം ചെയ്യുന്നത്.
എക്സൈസ് മന്ത്രി എം.ബി. രാജേഷ് ഓണ്ലൈനായാണ് ഇന്നലെ മന്ത്രിസഭയിൽ പങ്കെടുത്തത്. ടൂറിസം കേന്ദ്രങ്ങളിൽ ഡ്രൈഡേകളിലും മദ്യം വിളന്പാൻ സ്പെഷൽ പെർമിറ്റ് നൽകണമെന്ന നിർദേശവും കരടിൽ ഉൾപ്പെട്ടിട്ടുണ്ട്.
ബിസിനസ് യോഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ടൂറിസം കേന്ദ്രങ്ങളിൽ ഡ്രൈ ഡേ ഒഴിവാക്കുന്നത്. ഇപ്പോഴത്തെ മദ്യനയം നടപ്പായാൽ ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാം തീയതി മദ്യശാലകൾ തുറന്നു പ്രവർത്തിക്കാനാവും.