ഭാര്യയുടെ പണം ധൂർത്തടിച്ചു, തിരികെ നൽകാൻ ബാങ്കിൽ കവർച്ച; 44കാരൻ പിടിയിൽ
Monday, February 17, 2025 1:26 AM IST
തൃശൂർ: പോട്ടയിലെ ഫെഡൽ ബാങ്ക് ശാഖയിൽനിന്നു 15 ലക്ഷം കവർന്ന കേസിൽ പ്രതി പിടിയിൽ. പോട്ട ആശാരിക്കാട് സ്വദേശി റിജോ ആന്റണി (44) യാണു വീട്ടിൽനിന്ന് അറസ്റ്റിലായത്.
വീട്ടിലെ അലമാരയിൽ സൂക്ഷിച്ച രണ്ടു നോട്ടുകെട്ടുകളടക്കം പത്തു ലക്ഷത്തോളം രൂപ കണ്ടെത്തി. ബാക്കി തുക കാടുകുറ്റിയിലെ പണമിടപാടുകാരന് നൽകിയെന്നും പ്രതി മൊഴി നൽകി.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടരയോടെയാണ് ബാങ്കിൽ കയറി മോഷണം നടത്തി പ്രതി രക്ഷപ്പെട്ടത്. 45 ലക്ഷം രൂപയുടെ നോട്ടുകെട്ടുകൾ കൗണ്ടറിൽ ഉണ്ടായിരുന്നെങ്കിലും 15 ലക്ഷം രൂപയുടെ മൂന്ന് ബണ്ടിലുകൾ മാത്രമാണു കൊണ്ടുപോയത്. പ്രദേശത്തെക്കുറിച്ചും ബാങ്കിനെക്കുറിച്ചും വ്യക്തമായ ധാരണയുള്ളയാളാണ് പ്രതിയെന്നു വ്യക്തമായിരുന്നു.
വിദേശത്തുള്ള ഭാര്യ അയച്ച പണമെല്ലാം ധൂർത്തടിച്ചെന്നും ഇവർ നാട്ടിൽ വരുമെന്ന് അറിയിച്ചതോടെയാണു മോഷണത്തിനിറങ്ങിയതെന്നും റിജോ പോലീസിന് മൊഴി നൽകി. ധൂർത്തടിച്ച പണം തിരികെ വയ്ക്കാനായിരുന്നു മോഷണം.
ബാങ്ക് അക്കൗണ്ടുകൾ അടക്കം പോലീസ് ശാസ്ത്രീയമാർഗങ്ങൾ ഉപയോഗിച്ചാണു പ്രതിയിലേക്കെത്തിയത്. ബാങ്ക് കവർച്ചക്കേസുകൾ അന്വേഷിച്ചു പരിചയമുള്ള ഉദ്യോഗസ്ഥരെയും സംഘത്തിൽ ഉൾപ്പെടുത്തി. പ്രതിയുടെ കുടവയറും പോലീസിനു സൂചനയായി. സ്വന്തം സ്കൂട്ടറിൽ വ്യാജ നന്പർ പ്ലേറ്റ് ഉപയോഗിച്ചാണു പ്രതി മോഷണത്തിനെത്തിയത്.
ബാങ്ക് ജീവനക്കാരെ കേന്ദ്രീകരിച്ചും സിസിടിവി കാമറകൾ പരിശോധിച്ചും ഇടപാടുകാരെ നിരീക്ഷിച്ചുമൊക്കെയാണ്അന്വേഷണം പുരോഗമിച്ചത്. സംഭവദിവസം രാത്രി 11 വരെ ബാങ്ക് ജീവനക്കാരെ പുറത്തുപോകാൻ പോലീസ് അനുവദിച്ചിരുന്നില്ല.
ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരിൽനിന്നും അവധിയിലായ ഒരാളിൽനിന്നും പലവട്ടം മൊഴിയെടുത്തു. മുഴുവൻ ജീവനക്കാരുടെയും മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന് 52-ാം മണിക്കൂറിലാണു പ്രതി പിടിയിലായത്.