‘ചന്ദര്‍ കുഞ്ച്’പൊളിക്കാന്‍ വെല്ലുവിളികളേറെ
Monday, February 17, 2025 1:26 AM IST
കൊച്ചി: ബലക്ഷയത്തെത്തുടര്‍ന്ന് ഹൈക്കോടതി പൊളിച്ചുകളയാന്‍ ഉത്തരവിട്ട വൈറ്റിലയിലെ ചന്ദര്‍ കുഞ്ച് ഫ്ളാറ്റ് സ്ഫോടനത്തിലൂടെ തകര്‍ക്കുന്നതിന് വെല്ലുവിളികളേറെ.
പ്രദേശത്തുകൂടി കൊച്ചി മെട്രോപാത കടന്നുപോകുന്നതും മറ്റൊരു കെട്ടിടം ഇതിനോടടുത്ത് സ്ഥിതിചെയ്യുന്നതുമാണ് പ്രധാന വെല്ലുവിളി. ഇതിനുപുറമേ പൊളിച്ചുനീക്കേണ്ട ഇരട്ട ടവറുകളുടെ ഘടനയ്ക്കുണ്ടായിട്ടുള്ള മാറ്റവും പ്രധാനപ്പെട്ടതാണ്.
മരടിലെ ഫ്ലാറ്റുകള്‍ സ്ഫോടനത്തിലൂടെ തകര്‍ത്തതുപോലെ എളുപ്പമാകില്ല, വൈറ്റിലയിലേത് എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. എന്നിരുന്നാലും ഫ്ലാറ്റുകള്‍ സ്ഫോടനത്തിലൂടെ തന്നെ പൊളിച്ചുനീക്കുന്നതിനുള്ള സാധ്യതയാണ് ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് കളക്ടര്‍ അധ്യക്ഷനായി രൂപീകരിച്ച സമിതി ആലോചിക്കുന്നത്.
പ്രമുഖ സ്ട്രക്ചറല്‍ എന്‍ജിനിയര്‍ ഡോ. അനില്‍ ജോസഫ് ഫ്ലാറ്റുകള്‍ സന്ദര്‍ശിച്ചു. ഫ്ലാറ്റുകളുടെ നിലവിലെ അവസ്ഥ വിശദമായി പരിശോധിച്ചശേഷമാകും തുടര്‍നടപടികളിലേക്കു കടക്കുക. പൊളിച്ചുനീക്കേണ്ട ഇരട്ട ടവറുകളില്‍നിന്ന് 50 മീറ്റര്‍ മാത്രം അകലത്തിലാണ് മൂന്നാമത്തെ ടവറുള്ളത്. ഇതിനു കേടുപാട് വരാതെ വേണം പൊളിക്കല്‍ നടപടികളിലേക്കു കടക്കാൻ. 40 മീറ്റര്‍ അകലത്തിലൂടെയാണ് മെട്രോ റെയില്‍പാത കടന്നുപോകുന്നത്. സ്ഫോടനസമയത്തടക്കം സര്‍വീസ് നിർത്തിവയ്ക്കേണ്ടിവരും.
ഫ്ലാറ്റുകള്‍ക്ക് ബലക്ഷയമുള്ളതിനാല്‍ തൊഴിലാളികളുടെ സുരക്ഷകൂടി പരിഗണിച്ചുവേണം നടപടികളിലേക്കു കടക്കാന്‍. ഇതടക്കമുള്ള കാര്യങ്ങള്‍ മുന്‍നിർത്തി വിശഗദമായ കര്‍മ പദ്ധതികള്‍ തയാറാക്കിയാകും തുടര്‍നടപടികളെന്ന് അധികൃതര്‍ വ്യക്തമാക്കി.
സൈനിക ഉദ്യോഗസ്ഥർ, വിരമിച്ച സൈനിക ഉദ്യോഗസ്ഥർ, എന്നിവർക്കായിട്ടാണ് 2018ൽ ഫ്ലാറ്റ് നിർമിച്ചത്. മൂന്ന് ടവറുകളിലായി 264 ഫ്ലാറ്റുകളാണ് സ്ഥലത്തുള്ളത്.
ബലക്ഷയം സംഭവിച്ച ബി, സി ടവറുകൾ പൊളിച്ചുനീക്കി പുതിയതു നിർമിക്കണമെന്നാണ് ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷന് ഹൈക്കോടതി നിർദേശം നല്‍കിയിട്ടുള്ളത്. ഫ്ലാറ്റുകൾ സുരക്ഷിതമല്ലെന്നു കാണിച്ച് താമസക്കാർ തന്നെ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ.
ഫ്ലാറ്റുകൾ പൊളിച്ചുനീക്കുന്നതിനും പുതിയത് പണിയുന്നതിനും ജില്ലാകളക്ടറുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കണമെന്നും നിലവിലുള്ള ഫ്ലാറ്റുകളുടെ അതേ സൗകര്യവും വലിപ്പവും പുതുതായി നിർമിക്കുന്ന ഫ്ലാറ്റുകൾക്കു വേണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.