വിമര്‍ശിക്കുന്നവര്‍ ലേഖനം വായിച്ചിട്ടേ അഭിപ്രായം പറയാവൂ എന്ന് തരൂർ
Monday, February 17, 2025 1:26 AM IST
തിരുവനന്തപുരം: ലേഖന വിവാദത്തില്‍ നിലപാട് മയപ്പെടുത്തി ശശി തരൂര്‍ എംപി. വിവാദങ്ങള്‍ അതിശയിപ്പിച്ചു എന്നു പറഞ്ഞ തരൂര്‍ ലേഖനത്തില്‍ താന്‍ സംസ്ഥാന സര്‍ക്കാരിന് നൂറില്‍ നൂറ് മാര്‍ക്ക് നല്കുകയല്ല ചെയ്തതെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.
വ്യവസായ നയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തത്. എഴുതിയതില്‍ തെറ്റുണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടിയാല്‍, തെറ്റ് തനിക്കും ബോധ്യപ്പെട്ടാല്‍ തിരുത്താന്‍ തയാറാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ലേഖലനവുമായി ബന്ധപ്പെട്ടോ വിവാദങ്ങളുമായി ബന്ധപ്പെട്ടോ പാര്‍ട്ടി ഇതേവരെ ബന്ധപ്പെട്ടിട്ടില്ല. താന്‍ പ്രവര്‍ത്തകസമിതിയില്‍ നിന്ന് മാറി നില്‍ക്കണമെന്ന ഒരു അഭിപ്രായം വന്നാല്‍ അപ്പോള്‍ മാറിനില്‍ക്കാമെന്നും തരൂര്‍ പറഞ്ഞു.
തുടര്‍ന്ന് ഫേസ്ബുക്കില്‍ അദേഹം ഒരു വിശദീകരണ കുറിപ്പും പങ്കുവച്ചു. കേരളത്തിലെ ഒരു എംപി എന്ന നിലയില്‍ ഒരു പ്രത്യേക വിഷയത്തെ കുറിച്ചാണ് താന്‍ എഴുതിയതെന്ന് തരൂര്‍ കുറിപ്പില്‍ വ്യക്തമാക്കി. സ്റ്റാര്‍ട്ടപ്പ് മേഖലയുടെ വളര്‍ച്ചയിലൂടെ കാണുന്ന വ്യവസായപരിസ്ഥിതിയിലെ മാറ്റത്തെ കുറിച്ചാണ് പറഞ്ഞത്.
ഒരു കോണ്ഗ്രസുകാരന് എന്ന നിലയില്‍ തന്നെ ഇതിന് തുടക്കം കുറിച്ചത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്ന് അഭിമാനത്തോടെ പറയാന്‍ താന്‍ ഈ അവസരം വിനിയോഗിക്കുന്നു.
അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഭാഗമായാണ് സ്റ്റാര്‍ട്ടപ്പ് വില്ലേജും സംസ്ഥാനത്തിന്റെ സ്റ്റാര്‍ട്ടപ്പ് മിഷനുമെല്ലാം വികസിച്ചിരിക്കുന്നത്. ഇപ്പോഴത്തെ സര്‍ക്കാര്‍ അതിനെ സ്വാഭാവികമായി മുന്നോട്ട് കൊണ്ടുപോയിട്ടുണ്ട്.
ലേഖനം കേരളത്തിന്റെ സമ്പൂര്‍ണ്ണ സാമ്പത്തിക അവസ്ഥയെ വിലയിരുത്താനുള്ള ശ്രമമല്ല താന്‍ നടത്തിയതെന്ന് പലവട്ടം പറഞ്ഞതാണ്. കേരളം ഇപ്പോഴും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്.
ഉയര്‍ന്ന തൊഴില്‍ക്ഷാമം, പ്രത്യേകിച്ച് വിദ്യാഭ്യാസമുള്ള യുവാക്കളുടെ വിദേശത്തേയ്ക്കുള്ള പ്രവാസം.കൃഷി മേഖലയിലെ പ്രതിസന്ധി (റബര്‍, കശുമാവ്, റബര്‍ മുതലായ മേഖലകളില്‍), കൂടാതെ ചരിത്രത്തിലാദ്യമായി ഏറ്റവും ഉയര്‍ന്ന കടബാധ്യതയും. ഇതൊക്കെ പരിഹരിക്കാന്‍ ഏറെ സമയം വേണ്ടിവരും.
ലേഖനം എഴുതിയതിന്റെ അടിസ്ഥാനം 2024 ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയുള്ള കണക്കുകളും വിവരങ്ങളുമാണ്. വിമര്‍ശിക്കുന്നവര്‍ ലേഖനം വായിച്ചിട്ടേ അഭിപ്രായം പറയാവൂ എന്നും തരൂര്‍ അഭ്യര്‍ഥിച്ചു.
അതേസമയം, തരൂരിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി നേതാക്കള്‍ ഇന്നലെയും രംഗത്തെത്തി. കോണ്‍ഗ്രസിനു പിന്നാലെ യുഡിഎഫ് ഘടകകക്ഷികളായ ലീഗ്, ഫോര്‍വേര്‍ഡ് ബ്ലോക്ക് നേതാക്കള്‍ തരൂരിനെതിരേ അതൃപ്തി പരസ്യമാക്കിയപ്പോള്‍ ഇടതുപക്ഷത്തു നിന്നുള്ള നേതാക്കള്‍ ലേഖനത്തെ സ്വാഗതം ചെയ്തും തരൂരിനെ പ്രകീര്‍ത്തിച്ചും പ്രതികരിച്ചും രംഗത്തെത്തി.