അഴിമതിക്കാർക്കെതിരേ കേസെടുക്കാൻ വിജിലൻസിന് അനുമതി നൽകാതെ സർക്കാർ
Monday, February 17, 2025 1:26 AM IST
തിരുവനന്തപുരം: അഴിമതിക്കാർക്ക് സുവർണാവസരമൊരുക്കി സംസ്ഥാന സർക്കാർ. വിവിധ അഴിമതിക്കേസുകളിൽ ഉൾപ്പെട്ടവർക്കെതിരേ കേസെടുക്കാനും അവരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനും അനുമതി വേണമെന്ന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ ആവശ്യത്തിന് ഇനിയും തുടർ നടപടി സ്വീകരിക്കാതെ സർക്കാർ.
സംസ്ഥാനത്തിനു കോടികൾ നഷ്ടമായ വൻ അഴിമതി കേസിൽ ഉൾപ്പെട്ട ചില ഉന്നത രാഷ്ട്രീയ നേതാക്കൾക്കെതിരേ പ്രോസിക്യൂഷൻ അനുമതി വേണമെന്ന സിബിഐ ആവശ്യത്തിൻമേലും സർക്കാർ അനുമതി നൽകാത്തതിനാൽ തുടർ നിയമ നടപടി സ്വീകരിക്കാൻ കഴിയാത്ത സാഹചര്യമുണ്ട്.
ജനപ്രതിനിധികൾ അടക്കമുള്ള പൊതുപ്രവർത്തകർ ഉൾപ്പെട്ട 400ലേറെ പേർക്കെതിരേ പ്രോസിക്യൂഷൻ അനുമതി തേടി വിജിലൻസ് കത്തു നൽകിയിട്ടും സർക്കാർ മറുപടി നൽകിയിട്ടില്ല.
പ്രോസിക്യൂഷൻ അനുമതി തേടി അഞ്ചു വർഷം മുൻപു നൽകിയ കത്തുകൾക്കു പോലും അനുമതി നൽകിയിട്ടില്ല. വിജിലൻസ് അപേക്ഷകളിൽ വേഗത്തിൽ തീരുമാനം വേണമെന്ന് അഭ്യർഥിച്ച് ഡയറക്ടർ യോഗേഷ് ഗുപ്ത ചീഫ് സെക്രട്ടറിക്കു കത്തു നൽകി.
മുഖ്യമന്ത്രി, മന്ത്രിമാർ, ജനപ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കെതിരേ കേസെടുക്കാനും പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാനും സർക്കാർ അനുമതി ആവശ്യമാണ്. ആഭ്യന്തര വകുപ്പിന് ലഭിക്കുന്ന അപേക്ഷകൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയാണു പതിവ്.
എന്നാൽ ഇവയ്ക്ക് ആവശ്യമായ മറുപടി ലഭിക്കാത്തതിനാൽ നിയമ നടപടികളുമായി വിജിലൻസിന് മുന്നോട്ടു പോകാൻ കഴിയാത്ത സാഹചര്യമാണ്.
പ്രോസിക്യൂഷൻ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ അവർക്കെതിരെയുള്ള അഴിമതിക്കുറ്റം ഒഴിവാക്കി കുറ്റപത്രം നൽകേണ്ട സാഹചര്യവുമുണ്ട്.
ഇത് ഒഴിവാക്കാനാണു ബന്ധപ്പെട്ട അപേക്ഷകളിൽ തീരുമാനം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയത്.