സംസ്ഥാനത്തിന്റെ നേട്ടങ്ങൾ പറയാൻ ചിലർക്ക് ബുദ്ധിമുട്ട്: മുഖ്യമന്ത്രി
Monday, February 17, 2025 1:26 AM IST
കണ്ണൂർ: വ്യവസായസൗഹൃദ സംസ്ഥാനമായി കഴിഞ്ഞ കേരളത്തിന്റെ നേട്ടങ്ങൾ നേട്ടമായി പറയാൻ ചിലർക്കു വലിയ പ്രയാസമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നാടിന്റെ പുരോഗതിയെക്കുറിച്ച് കാര്യങ്ങൾ മനസിലാക്കിയ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിലെ ഒരു വ്യക്തി അതിനെ ഉയർത്തിക്കാട്ടി. തന്റെ മുന്നിലുള്ള കണക്കുകൾ വച്ചാണ് താൻ പറയുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. അദ്ദേഹം പറഞ്ഞ മറ്റൊരു കാര്യം സ്റ്റാർട്ട് അപ്പുകളെക്കുറിച്ചാണ്. കേരളത്തെ ലോകതലത്തോടാണ് അദ്ദേഹം സ്റ്റാർട്ട് അപ്പുകളുമായി ബന്ധപ്പെട്ട് താരതമ്യപ്പെടുത്തിയത്. ഇത് ആരെയും പ്രകീർത്തിക്കാനല്ല.
നമ്മുടെ നാട് മെച്ചപ്പെടുത്താൻ ഒരു ഭാഗത്ത് ശ്രമം നടക്കുമ്പോൾ ഒന്നും ഇവിടെ നടക്കാൻ പാടില്ലെന്നാണ് മറ്റൊരു വിഭാഗം പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ശശി തരൂർ എംപിയുടെ പേരെടുത്തു പറയാതെയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, ഡോ. വി. ശിവദാസൻ എംപി, ടി.ഐ. മധുസൂദനൻ എംഎൽഎ, കണ്ണൂർ റേഞ്ച് ഡിഐജി ജി.എച്ച്. യതീഷ് ചന്ദ്ര തുടങ്ങിയവർ പ്രസംഗിച്ചു.