കേരളം വ്യവസായസൗഹൃദമായത് യുഡിഎഫിന്റെ കാലത്ത്: കുഞ്ഞാലിക്കുട്ടി
Monday, February 17, 2025 1:26 AM IST
മലപ്പുറം: കേരളം വ്യവസായസൗഹൃദമായത് യുഡിഎഫിന്റെ കാലത്താണെന്നും ഇടതുപക്ഷം അപ്പോഴെല്ലാം വികസനത്തെ എതിർക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.
“കേരളത്തിലെ മാറ്റത്തിന്റെ അടിസ്ഥാനം യുഡിഎഫാണ്. വികസനങ്ങൾക്കെതിരേ സമരം നടത്തിയവരാണ് ഇടതുപക്ഷം. കരുണാകരൻസർക്കാർ മുതൽ സംസ്ഥാനത്തു മാറ്റങ്ങൾ തുടങ്ങിയിട്ടുണ്ട്.
അന്നാണ് ആദ്യമായി വ്യവസമായമേഖലയുടെ പുരോഗതിക്കായി ചിന്തിച്ചു തുടങ്ങിയത്. കിൻഫ്ര കൊണ്ടുവന്നതോടെ വലിയ മാറ്റങ്ങൾ ഉണ്ടായി. അക്ഷയ പദ്ധതികളും വലിയ മാറ്റങ്ങളുണ്ടാക്കി. കേരളത്തിന്റെ വ്യവസായ ഭൂപടത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ ഉണ്ടാക്കിയത് കിൻഫ്ര പാർക്കുകളാണ്. എമേർജിംഗ് കേരള ഉൾപ്പെടെ വലിയ മാറ്റങ്ങൾ ഉണ്ടാക്കി.
ഇന്നത്തെ സ്റ്റാർട്ടപ്പുകൾക്കുള്ള പ്രഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ തുടങ്ങിയത് യുഡിഎഫ് ആണ്. കേരളത്തിന്റെ നിക്ഷേപ അന്തരീക്ഷം ചർച്ചയായിരിക്കുകയാണ്. നമ്മൾ എല്ലാ നിലയിലും മുന്നിട്ടു നിൽക്കുന്ന സംസ്ഥാനമാണ്. കൂടുതൽ മെച്ചപ്പെടണം എന്നാണ് എന്റെ അഭിപ്രായം”-കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സ്റ്റാർട്ടപ്പുകൾക്കുള്ള പ്രഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയതിനെതിരേ ഇടതുപക്ഷം അന്ന് വലിയ സമരം നടത്തിയെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.