തരൂർ പുകഴ്ത്തിയ വ്യവസായനേട്ടങ്ങളെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ്
Monday, February 17, 2025 12:17 AM IST
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ എംപി പുകഴ്ത്തിയ സംസ്ഥാനത്തിന്റെ വ്യവസായ വികസന നേട്ടങ്ങളെ പരിഹസിച്ച് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ.
കോഴിക്കടകളും തട്ടുകടകളും പൂട്ടിപ്പോയ കടകളും വരെ ഉൾപ്പെടുത്തിയാണ് കേരളത്തിൽ ചെറുകിട സംരംഭങ്ങളുടെ കാര്യത്തിൽ വലിയ മുന്നേറ്റമുണ്ടായതായി പിണറായി സർക്കാർ അവകാശപ്പെടുന്നതെന്ന് കെ. സുധാകരൻ ആരോപിച്ചു.
അതേസമയം, കോണ്‍ഗ്രസ് പാർട്ടിയെയും വെട്ടിലാക്കി സംസ്ഥാന സർക്കാരിനെ പുകഴ്ത്തിയ ശശി തരൂർ എംപിയുടെ നിലപാടിനെ കെ. സുധാകരൻ തള്ളിപ്പറയാത്തതും ശ്രദ്ധേയമായി. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും യുഡിഎഫ് കണ്‍വീനർ എം.എം. ഹസനും തരൂരിന്റെ നിലപാടിനെ തള്ളിപ്പറയുന്പോഴാണ് തരൂരിനെ തള്ളാതെയുള്ള കെപിസിസി അധ്യക്ഷന്റെ പ്രസ്താവന.
കേന്ദ്രം 2020ൽ കൊണ്ടുവന്ന ഉദ്യം പദ്ധതിയിൽ കടകളുടെ രജിസ്ട്രേഷൻ നടത്തിയതോടെയാണ് സംരംഭങ്ങളുടെ എണ്ണത്തിൽ വർധന വന്നതെന്ന് കെ. സുധാകരൻ പറഞ്ഞു. ഉദ്യം പദ്ധതിയിൽ സംരംഭങ്ങൾ രജിസ്റ്റർ ചെയ്താൽ വായ്പയും സബ്സിഡിയും സർക്കാർ പദ്ധതികളുമൊക്കെ കിട്ടാൻ എളുപ്പമായതിനാൽ വ്യാപകമായി രജിസ്ട്രേഷൻ നടത്തി.
ഇതു നിർബന്ധമെന്നു പ്രചരിപ്പിച്ചു. കുടുംബശ്രീ സംരംഭങ്ങൾ രജിസ്റ്റർ ചെയ്തപ്പോൾ തന്നെ വലിയ തോതിൽ എണ്ണം കൂടി. അങ്ങനെയാണ് സംരംഭങ്ങളുടെ എണ്ണം കുതിച്ചു കയറിയത്. സംസ്ഥാന സാന്പത്തിക സർവേ പ്രകാരം 2018-19ൽ 13,826 ചെറുകിട സംരംഭങ്ങളാണ് ഉണ്ടായിരുന്നത്.
2020ൽ ഉദ്യം പദ്ധതി വന്നതിനെ തുടർന്ന് 2020-21ൽ സംരംഭങ്ങളുടെ എണ്ണം 1,39,839 ആയി ഉയർന്നു. തൊട്ടടുത്ത വർഷം 1,03,596 ആയി. ഇപ്പോഴത് 2.90 ലക്ഷമായെന്നാണ് വ്യവസായ മന്ത്രി അവകാശപ്പെടുന്നത്. രണ്ടു മിനിറ്റിൽ വ്യവസായം തുടങ്ങാമെന്നത് ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യുന്ന കാര്യമാണെന്നും സുധാകരൻ പറഞ്ഞു.
പുതുതായി തുടങ്ങിയ 2.90 ലക്ഷം സംരംഭങ്ങളുടെ പട്ടിക പുറത്തുവിടാൻ വ്യവസായ മന്ത്രിയെ വെല്ലുവിളിക്കുന്നു. ഇതു സംബന്ധിച്ച് നേരിട്ടു പരിശോധന നടത്താൻ മന്ത്രി തയാറാണോ? ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 2016ൽ എംഎസ്എംഇ സർവെയിൽ കേരളം ഒന്നാമതായിരുന്നുവെന്നും കെ. സുധാകരൻ പറഞ്ഞു.