മാങ്ങാനം എംഒസിയിൽ ദൈവശാസ്ത്ര പഠനശാല ഉദ്ഘാടനം ചെയ്തു
Monday, February 17, 2025 12:17 AM IST
കോട്ടയം: സന്യാസിനികളുടെ തുടർപരിശീലനത്തിനായി കോട്ടയം മാങ്ങാനത്ത് സ്ഥാപിതമായിട്ടുള്ള എംഒസിയിൽ പുതിയ ദൈവശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചു. സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു.
1972 മുതൽ അഞ്ചു പതിറ്റാണ്ടുകളായി സന്യസ്തരുടെ തുടർപരിശീലനത്തിൽ എംഒസി നൽകുന്ന സംഭാവനകളെ പരിശുദ്ധ സിംഹാസനം വിലമതിക്കുന്നുവെന്നും സീറോമലബാർ സഭയുടെ തനിമയിൽ ആഗോളസഭയ്ക്കായി സന്യസ്തരെ വാർത്തെടുക്കുന്നതിൽ നിസ്തുല സേവനമാണ് ഈ സ്ഥാപനം നൽകുന്നതെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു.
1988 മുതൽ എംഒസിയിൽ പ്രവർത്തിച്ചുവന്നിരുന്ന ദൈവശാസ്ത്ര ബിരുദ പഠനശാലയ്ക്കു പുതിയ നാമവും നിയമാവലിയും പാഠ്യക്രമവും നിലവിൽവരുന്നതുമായി ബന്ധപ്പെട്ട വത്തിക്കാന് ഡിക്രികൾ സമ്മേളനത്തിൽ വായിച്ചു. ചടങ്ങിൽ നാലു വർഷത്തെ ദൈവശാസ്ത്രപഠനം പൂർത്തിയാക്കിയവർക്ക് ബിരുദം സമ്മാനിച്ചു.
സമ്മേളനത്തിൽ ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ അധ്യക്ഷത വഹിച്ചു. ആധുനിക കാലഘട്ടത്തിൽ സാധാരണ ജനങ്ങളിലേക്ക് വിശ്വാസസത്യങ്ങൾ ലളിതമായ രീതിയിൽ എത്തിക്കുന്നതിന് ഇത്തരം പഠനശാലകൾ അനിവാര്യമാണെന്ന് മാർ തറയിൽ പറഞ്ഞു.
വടവാതൂർ പൗരസ്ത്യവിദ്യാപീഠം പ്രസിഡന്റ് റവ. ഡോ. പോളി മണിയാട്ട്, തിരുഹൃദയ സന്യാസിനീസമൂഹം അധ്യക്ഷ സിസ്റ്റർ ഉഷ മരിയ എസ്എച്ച്, പൂർവവിദ്യാർഥിനി പ്രതിനിധി സിസ്റ്റർ ജൂലി എഫ്സിസി, വടവാതൂർ സെമിനാരി റെക്ടർ റവ. ഡോ. സ്കറിയ കന്യാകോണിൽ എന്നിവർ പ്രസംഗിച്ചു.