നാട്ടാന പരിപാലന ചട്ടലംഘനം; രജിസ്റ്റര്‍ ചെയ്തത് 12 കേസുകള്‍
Monday, February 17, 2025 12:17 AM IST
കൊച്ചി: നാട്ടാന പരിപാലനച്ചട്ടം ലംഘിച്ച് വിവിധ ആഘോഷങ്ങളില്‍ ആനയെ പങ്കെടുപ്പിച്ചതിന് കഴിഞ്ഞ നാലു വര്‍ഷത്തിനിടെ സംസ്ഥാനത്ത് 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2020ല്‍-2, 2022ല്‍-1, 2023ല്‍-3, 2024ല്‍-6 എന്നിങ്ങനെയാണ് സോഷ്യല്‍ ഫോറസ്ട്രി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളുടെ എണ്ണം.
ഉത്തരവാദികൾക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് ഇൻഷ്വറന്‍സ് പരിരക്ഷയടക്കം ഉറപ്പാക്കണം എന്നതിനപ്പുറം മറ്റു നിയമനടപടികളിലേക്കു കടക്കാന്‍ സോഷ്യല്‍ ഫോറസ്ട്രി ഡിപ്പാര്‍ട്ട്മെന്റിനെ നിയമം അനുവദിക്കുന്നില്ല.
ആനയുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ഡാറ്റ ബുക്ക്, ഇൻഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ്, മൈക്രോചിപ്പ് സര്‍ട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ പാപ്പാന്മാര് കൈവശം സൂക്ഷിക്കേണ്ടതും ആഘോഷങ്ങളില്‍ ആനയെ പങ്കെടുപ്പിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്കുമുമ്പില്‍ പരിശോധനയ്ക്കു വിധേയമാക്കേണ്ടതുമാണ്.
എന്നാല്‍ ഈ ചട്ടങ്ങളൊന്നും ആരുംതന്നെ പാലിക്കാറില്ല. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട പരിപാടികള്‍ 72 മണിക്കൂര്‍ മുമ്പ് ബന്ധപ്പെട്ട ഫോറസ്റ്റ് ഓഫീസര്‍മാരെയും പോലീസിനെയും അറിയിക്കണമെന്ന് അനുശാസിക്കുന്നുണ്ടെങ്കിലും ഇതും പാലിക്കപ്പെടാറില്ല.