അത്ര സേഫല്ല വിപണിയിലെത്തുന്ന പഴം-പച്ചക്കറികള്‍; കീടനാശിനി പരിശോധനാഫലം
Monday, February 17, 2025 12:17 AM IST
ബിനു ജോര്‍ജ്
കോഴിക്കോട്: ഇതര നാടുകളില്‍നിന്നു നമ്മുടെ വിപണിയിലെത്തുന്ന പഴം-പച്ചക്കറികളെല്ലാം അത്ര ശുദ്ധമാണെന്നു കണ്ണടച്ചു വിശ്വസിക്കരുതെന്നാണു വെള്ളായണി കാര്‍ഷിക കോളജിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലബോറട്ടറിയില്‍നിന്നുള്ള ഫലം വ്യക്തമാക്കുന്നത്.
‘സേഫ് ടു ഈറ്റ്’ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ 2024 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ കോഴിക്കോട്, വയനാട്, തിരുവനന്തപുരം എന്നിവിടങ്ങളിലെ പൊതുവിപണികളില്നിന്നു നേരിട്ടു ശേഖരിച്ചു നല്കിയ പഴം പച്ചക്കറി സാംപിളുകളുടെ പരിശോധനാ ഫലത്തില്‍ കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ക്കു കാരണമാകുന്ന കീടനാശിനികളുടെ സാന്നിധ്യമാണ് അനുവദനീയമായ പരിധിയിലുമധികം കണ്ടെത്തിയത്. പല രാജ്യങ്ങളിലും നിരോധിക്കപ്പെട്ട കീടനാശിനികളാണു പഴം-പച്ചക്കറികളിലുള്ളത്.
ആപ്പിളിലാണു കൂടുതല്‍ ഇനം കീടനാശിനികളുടെ സാന്നിധ്യമുള്ളത്. ആപ്പിളിന്റെ ഒന്‍പത് സാമ്പിളുകള്‍ പരിശോധിച്ചതില്‍ അഞ്ചിലും അനുവദനീയമായ പരിധിയിലധികം കീടനാശിനി സാന്നിധ്യമുണ്ടായിരുന്നു. കാര്‍ബന്‍ഡാസിം, ട്രിഫ്ളോക്സിസ്ട്രോബിന്, ഫെന്‍വാലറേറ്റ്, ഡൈഫെനോകോണസോള്‍, ഫ്ളൂസിലാസോള് എന്നീ കീടനാശിനികളാണ് ആപ്പിളുകളില്‍ പ്രയോഗിച്ചിരിക്കുന്നത്.
ആപ്പിള്‍ സാമ്പിളുകളെല്ലാം കോഴിക്കോട്, വയനാട് ജില്ലകളില്‍നിന്നാണ് ഉദ്യോഗസ്ഥര്‍ ശേഖരിച്ചത്. ആപ്പിളില്‍ കണ്ടെത്തിയ കാര്‍ബന്‍ഡാസിം എന്ന കീടനാശിനി ആരോഗ്യ- പാരിസ്ഥിതിക പ്രത്യാഘാതം കണക്കിലെടുത്ത് പല രാജ്യങ്ങളും നിരോധിച്ചിട്ടുണ്ട്.
മറ്റു ചിലയിടങ്ങളില്‍ ഉപയോഗം നിയന്ത്രിച്ചിട്ടുമുണ്ട്. ആപ്പിളില്‍ കണ്ടെത്തിയ മറ്റൊരു കീടനാശിനിയായ ട്രിഫ്ളോക്സിസ്ട്രോബിന്, എന്‍ഡോസള്‍ഫാന്‍ നിരോധിച്ചപ്പോള്‍ പകരമായി ഇന്ത്യന്‍ വിപണിയിലേക്കെത്തിയതാണെന്ന ആരോപണം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നുണ്ട്. ഓറഞ്ചില്‍ കണ്ടെത്തിയ പ്രൊഫനോഫോസ് എന്ന കീടനാശിനി കേരളത്തില്‍ നിരോധിച്ചവയാണ്.
അസഫേറ്റ്, ഇമിഡാക്ളോപ്രിഡ്, ഒമത്തോയേറ്റ്, പ്രോപ്പികോണസോള്, ഹെക്സേകാണസോള്, ലംഡ സൈഹാലോത്രിന്‍, ഡൈഫെനകൊണസോള്, ബൈഫെന്ത്രിന്, അസെറ്റാമിപ്രിഡ്, ക്ളോത്തയാനെഡിന്, തയാമെത്തോക്സം തുടങ്ങിയ കീടനാശിനികളും അനുവദനീയമായ പരിധിയിലധികം ഉണ്ടെന്നാണ് പരിശോധനാഫലം വ്യക്തമാക്കുന്നത്.
മൂന്നു ജില്ലകളിലെ 14 ബ്ലോക്കുകളില്‍ നിന്നും 10 മുനിസിപ്പാലിറ്റികളില്‍ നിന്നും രണ്ടു കോര്‍പറേഷനുകളില്‍ നിന്നുമായി ശേഖരിച്ച 190 സാമ്പിളുകളില്‍ 29 എണ്ണത്തിലാണ് (15.26 ശതമാനം) അനുവദനീയ പരിധിക്കു മുകളിലായി കീടനാശിനി സാന്നിധ്യം കണ്ടെത്തിയത്.
14 ഇനം പച്ചക്കറികളിലും അഞ്ചിനം പഴവര്‍ഗങ്ങളിലുമാണ് കീടനാശിനി അവശിഷ്ട വിഷാംശം കണ്ടെത്തിയത്. കുമ്പളം, ബീന്‍സ്, പാവയ്ക്ക, വഴുതന, ക്യാപ്സിക്കം, കാരറ്റ്, ഇഞ്ചി, പച്ചമുളക്, കോവയ്ക്ക, നാരങ്ങ, സലാഡ് വെള്ളരി, ചുരയ്ക്ക, പടവലം, തക്കാളി എന്നീ പച്ചക്കറികളിലും ആപ്പിളിനു പുറമേ സീതപ്പഴം, ഓറഞ്ച്, പപ്പായ-റെഡ് ലേഡി, മാതളനാരങ്ങ എന്നീ പഴവര്‍ഗങ്ങളിലുമാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അഥോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ)/കോഡക്സ് നിശ്ചയിച്ചിരിക്കുന്ന അനുവദനീയ പരിധിക്ക് മുകളിലായി കീടനാശിനി സാന്നിധ്യം കണ്ടെത്തിയത്.
തിരുവനന്തപുരം വര്‍ക്കല ബ്ലോക്കില്‍ നിന്നു ശേഖരിച്ച ഇഞ്ചിയുടെ ഒരു സാമ്പിളില്‍ മെറ്റലാക്സില്‍ എന്ന കീടനാശിനിയുടെ സാന്നിധ്യവും കൂടുതലായി കണ്ടെത്തിയിട്ടുണ്ട്.