കെ.കെ. ജോസ് പ്രസിഡന്റ്; കെ. രാജൻ ജനറൽ സെക്രട്ടറി
Monday, February 17, 2025 12:17 AM IST
കണ്ണൂർ: ട്രെയിനിംഗ് കാലാവധി സർവീസായി പരിഗണിച്ച് 2010 ന് മുന്പ് പെൻഷൻ പറ്റിയവർക്ക് ആനുകൂല്യം ലഭിച്ചിട്ടില്ലെന്നും മുൻകാല പ്രാബല്യത്തോടെ ഈ ആനുകൂല്യം നൽകുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് വയോജന കമ്മീഷൻ രൂപവത്കരിക്കാൻ ഓർഡിനൻസ് പുറപ്പെടുവിച്ച സംസ്ഥാന സർക്കാരിനെ സമ്മേളനം അഭിനന്ദിച്ചു. ഫ്യൂണറൽ പരേഡ് നൽകുന്നതിൽ റാങ്ക് അടിസ്ഥാനത്തിൽ അനുവർത്തിച്ചുവരുന്ന വേതനം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
രണ്ടു ദിവസമായി കണ്ണൂർ സാധു കല്യാണ മണ്ഡപത്തിൽ നടന്ന 37ാമത് സംസ്ഥാന സമ്മേളനം ഇന്നലെ സമാപിച്ചു. ഭാരവാഹികൾ: കെ.കെ. ജോസ് (ഇടുക്കി)- പ്രസിഡന്റ്, സി.കെ. ഉത്തമൻ (ആലപ്പുഴ), കെ.വി. കൃഷ്ണൻ (കണ്ണൂർ), എൽ. സജൻദാസ് (മലപ്പുറം)- വൈസ് പ്രസിഡന്റുമാർ, കെ. രാജൻ (തിരുവനന്തപുരം)- ജനറൽ സെക്രട്ടറി, പി.സി. രാജൻ (കോഴിക്കോട്), സണ്ണി ജോസഫ് (വയനാട്), പി.വി. പുഷ്പൻ (കോട്ടയം)- ജോയിന്റ് സെക്രട്ടറിമാർ, എം.പി. ഏയ്ഞ്ചൽ (എറണാകുളം)- ട്രഷറർ.