ഇഎംഎസ് സ്മൃതി നിർമാണത്തിന് 45 ലക്ഷം അധിക ഫണ്ട് അനുവദിച്ചു
Monday, February 17, 2025 12:17 AM IST
തിരുവനന്തപുരം: വിവാദങ്ങളെ തുടർന്ന് മാറ്റിവച്ച നിയമസഭയിലെ ഇഎംഎസ് സ്മൃതി നിർമാണം വേഗത്തിലാക്കാൻ നിയമസഭ.
സ്പീക്കർ എ.എൻ. ഷംസീർ, ധനമന്ത്രി കെ.എൻ.ബാലഗോപാലിന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ സ്മൃതി പദ്ധതിക്ക് 45 ലക്ഷം രൂപ അധിക ഫണ്ട് അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് അധിക ഫണ്ട് അനുവദിച്ചത്.
നിയമസഭാ മ്യൂസിയത്തിലാണ് ഇഎംഎസ് സ്മൃതി നിർമിക്കുന്നത്.നിയമസഭയുടെ പഠന ഗവേഷണ മ്യൂസിയം എന്ന ശീർഷകത്തിൽ വച്ചാണ് 45 ലക്ഷം രൂപ ഫണ്ട് അനുവദിച്ചത്. എട്ടു ലക്ഷം രൂപയാണ് ഈ ശീർഷകത്തിൽ ബജറ്റ് വിഹിതമായി അനുവദിച്ചിരുന്നത്.
അനുവദിച്ച എട്ടുലക്ഷം രൂപ തീർന്നതിനെ തുടർന്നാണ് 45 ലക്ഷം അധിക ഫണ്ട് അനുവദിച്ചത്. ഇഎംഎസ് സ്മൃതി പദ്ധതിക്ക് ഒരു കോടി രൂപ ചെലവാകുമെന്നാണ് സൂചന. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നിയമസഭയിൽ ഇഎംഎസ് സ്മൃതി നിർമാണത്തിന് തീരുമാനിച്ചിരുന്നു.
82 ലക്ഷം രൂപയായിരുന്നു ചെലവു കണക്കാക്കിയിരുന്നത്. പാർട്ടി ചാനലിലെ പ്രമുഖനായിരുന്നു നിർമാണ ചുമതല. ഇതു വിവാദമായതിനെ തുടർന്ന് അന്ന് സ്മൃതി നിർമ്മാണം സർക്കാർ തത്കാലം മാറ്റിവച്ചു.
ഏഴു ലക്ഷം രൂപ മുടക്കി നിർമിച്ച കുട്ടികളുടെ ലൈബ്രറി പൊളിച്ചു മാറ്റിയാണ് ഇഎംഎസ് സ്മൃതി നിർമിക്കാൻ തീരുമാനിച്ചത്. നിർത്തിവച്ചിരുന്ന തീരുമാനം വേഗത്തിലാക്കാൻ സിപഎം നിർദ്ദേശമെത്തിയതോടെയാണ് തിടുക്കത്തിൽ നിർമാണം പുനരാരംഭിച്ചത്.
സാന്പത്തിക പ്രതിസന്ധിയുടെ പേരിൽ പട്ടിക ജാതി- വർഗ വിഭാഗങ്ങളുടെ വികസനത്തിനായി നീക്കിവച്ച ബജറ്റ് വിഹിതത്തിൽ നിന്ന് 700 കോടിയോളം രൂപ വെട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് ഇഎംഎസ് സ്മൃതിക്ക് അധിക ഫണ്ട് അനുവദിച്ചത്.