കെഎസ്ആര്‍ടിസിക്ക് 950 ഇലക്ട്രിക് ബസുകള്‍
സ്വന്തം ലേഖകന്‍
Monday, October 14, 2024 5:44 AM IST
തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് 950 ഇലക്ട്രിക് ബസുകള്‍ വരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പിഎംഇ ബസ് സേവാ പദ്ധതി പ്രകാരമാണ് കേരളത്തിന് 950 ഇലക്ട്രിക് ബസുകള്‍ ലഭിക്കുന്നത്. വിവിധ സംസ്ഥാനങ്ങള്‍ക്ക് 38,000 ഇലക്ട്രിക് ബസുകളാണ് കേന്ദ്രം വാടകയ്ക്ക് നല്‍കുന്നത്. നടപടികള്‍ വേഗത്തിലാക്കിയാല്‍ ജനുവരിയോടെ ബസുകള്‍ നേടിയെടുക്കാന്‍ കേരളത്തിനാകും.
2025 - 2029 കാലയളവില്‍ 3,435.33 കോടി രൂപ ചെലവഴിച്ചാണ് സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള 38,000 ഇലക്ട്രിക് ബസുകള്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കുന്നത്. ശമ്പളവും പെന്‍ഷനും നല്കുന്നതിനു ബുദ്ധിമുട്ടുന്ന കെഎസ്ആര്‍ടിസിക്ക് പദ്ധതിയിലൂടെ ബസുകള്‍ ലഭിക്കുന്നത് വലിയ നേട്ടമാകുമെന്നാണ് കണക്കുകൂട്ടല്‍.
ആന്റണി രാജു ഗതാഗത മന്ത്രിയായിരിക്കെ കേന്ദ്രസര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ നല്കിയ 950 ഇബസുകള്‍ ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിരുന്നു. ധനവകുപ്പിന്റെ ഗാരന്റി കേന്ദ്രത്തിനു നല്‍കുന്നതിനും നടപടി ആരംഭിച്ചിരുന്നു. പിന്നീട് കെ.ബി. ഗണേഷ്കുമാര് ചുമതലയേറ്റതോടെ ഇക്കാര്യത്തില്‍ താത്പര്യം കുറഞ്ഞു. അന്നത്തെ സിഎംഡി ബിജു പ്രഭാകറുമായി ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമായതോടെ പുതിയ ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള എല്ലാ ടെന്‍ഡറുകളും കെഎസ്ആര്‍ടിസി റദ്ദാക്കുകയും ചെയ്തു.
ഒപ്പം കേന്ദ്രത്തിന്റെ 950 ഇ ബസുകള്‍ക്കുള്ള നടപടികളും മരവിപ്പിച്ചിരുന്നു. കൊച്ചി, കോഴിക്കോട് നഗരങ്ങള്‍ക്ക് 150 വീതവും തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ നഗരങ്ങള്‍ക്ക് 100 വീതവും ചേര്‍ത്തല, കായംകുളം, കോട്ടയം നഗരങ്ങള്‍ക്ക് 50 വീതവും ബസുകളായിരുന്നു ആദ്യഘട്ടത്തില്‍ ലഭിക്കേണ്ടിയിരുന്നത്.
സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കുന്ന ബസുകള്‍ക്ക് 12 വര്‍ഷത്തെ മെയിന്റനന്‍സ് ഗാരന്റി ഉറപ്പാക്കുന്ന പുതുക്കിയ പദ്ധതിക്കാണ് സെപ്റ്റംബര്‍ 13ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഒറ്റ ചാര്‍ജിംഗില്‍ 350 കിലോമീറ്റര്‍ വരെ ഓടിക്കാവുന്ന ബസുകളാണ് ലഭ്യമാക്കുന്നത്.
കിലോമീറ്ററിന് 54 രൂപയാണ് വാടക. 22 രൂപ കേന്ദ്രം നല്‍കും. ബാക്കി കേരളം വഹിക്കണം. ഡ്രൈവറെ നിയമിക്കുന്നതും ശമ്പളം കൊടുക്കുന്നതും ബസ് നല്കുന്ന സ്വകാര്യ കമ്പനിയായിരിക്കും. ചാര്‍ജിംഗ്, നികുതി, ഇന്‍ഷ്വറന്‍സ് തുടങ്ങിയ ചെലവുകളും അവര്‍ വഹിക്കും.
കണ്ടക്ടറെ നിയമിച്ച് ശമ്പളം നല്കേണ്ടതു മാത്രമാണ് കെഎസ്ആര്‍ടിസിയുടെ ചുമതല.