മുഖ്യമന്ത്രിക്കു വിശ്വാസ്യതയില്ല; ആവർത്തിച്ച് ഗവർണർ
Friday, October 11, 2024 3:01 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വിശ്വാസ്യതയില്ലെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണഘടനാപരമായ ബാധ്യത നിറവേറ്റുന്നതിൽ സർക്കാർ പരാജയപ്പെട്ടു.
രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകുന്നതുമായി ബന്ധപ്പെട്ട് വിവരശേഖരണം നടത്തുകയാണെന്നും ഗവർണർ കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
രാഷ്ട്രത്തിനെതിരായ കുറ്റകൃത്യങ്ങൾ ഉണ്ടാകുന്പോൾ അത് ഗവർണറെ അറിയിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. എന്നാൽ, സർക്കാർ ആ ബാധ്യത നിറവേറ്റുന്നില്ല.
മുഖ്യമന്ത്രി വിശദീകരണം നൽകാത്ത സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരെ വിളിപ്പിച്ചത്. സർക്കാരിന് കോംപ്ലക്സാണ്. സർക്കാരിന്റെ ആവശ്യത്തിനായി ചീഫ് സെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥരും തന്നെ വന്നു കാണുന്നതിൽ സർക്കാരിന് കുഴപ്പമില്ല. സർക്കാർ രാജ്ഭവനെ ഇരുട്ടിൽ നിർത്തുകയാണ്.
വിവാദ അഭിമുഖത്തിലെ പരാമർശങ്ങൾ മുഖ്യമന്ത്രി പറഞ്ഞതല്ലെങ്കിൽ എന്തുകൊണ്ട് ഹിന്ദു പത്രത്തിനെതിരേ നടപടി സ്വീകരിക്കുന്നില്ല? വിവാദങ്ങളിൽ പത്രത്തിന്റെ വിശദീകരണത്തിലാണ് തനിക്കുവിശ്വാസമെന്നും ഗവർണർ കൂട്ടിച്ചേർത്തു.