ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി എറണാകുളം-അങ്കമാലി അതിരൂപത പ്രോട്ടോ സിഞ്ചെല്ലൂസ്
Thursday, October 10, 2024 2:39 AM IST
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസായി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളിയെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍ നിയമിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലാണ് ഫാ. പാലയ്ക്കാപ്പിള്ളി.
ഫാ. ജോഷി പുതുവയെ കൂരിയ ചാന്‍സലര്‍, പിആര്‍ഒ ചുമതലകളിലും ഫാ. സൈമണ്‍ പള്ളുപ്പേട്ടയെ ഫിനാന്‍സ് ഓഫീസറായും നിയമിച്ചു. ഫാ. പോള്‍ ആത്തപ്പിള്ളിയാണ് അപ്പസ്തോലിക് അഡ്മിനിസ്ടേറ്ററുടെ സെക്രട്ടറി.
അതിരൂപതയിലെ പ്രതിസന്ധിയില്‍ തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ തുടര്‍ന്നു നിര്‍വഹിക്കുന്നതിലുള്ള ബുദ്ധിമുട്ട് അതിരൂപതാ കാര്യാലയത്തില്‍ സേവനം ചെയ്തിരുന്ന വൈദികര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് അവരുടെ സ്ഥാനങ്ങളില്‍ പുതിയ നിയമനങ്ങള്‍ നടത്തിയതെന്നും അഡ്മിനിസ്ട്രേറ്റര്‍ അറിയിച്ചു.
‘അനുവാദമില്ലാതെ യോഗങ്ങള്‍ അനുവദിക്കില്ല’
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത കാര്യാലയത്തില്‍ തന്റെ അംഗീകാരമില്ലാത്ത ഒരു യോഗവും കൂടിച്ചേരലും അനുവദിക്കില്ലെന്ന് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍.
അതിരൂപതാകേന്ദ്രത്തില്‍ പ്രതിഷേധസമരം നടത്തുന്ന വൈദികരോടും അല്മായരോടും അവിടെനിന്ന് എത്രയുംവേഗം ഒഴിഞ്ഞുപോകണമെന്നു താന്‍ അഭ്യര്‍ഥിച്ചിരുന്നു. അത് അവഗണിച്ചുകൊണ്ട് കച്ചേരിയുടെ പ്രവര്‍ത്തനം നിശ്ചലമാക്കി സമരം തുടരുന്ന സാഹചര്യത്തില്‍ സമരക്കാരെ അവിടെനിന്ന് ഒഴിപ്പിക്കേണ്ടത് അത്യാവശ്യമായി വരികയായിരുന്നു. ഇന്നലെ രാവിലെ താന്‍ മൗണ്ട് സെന്റ് തോമസില്‍നിന്ന് അതിരൂപത കാര്യാലയത്തില്‍ തിരിച്ചെത്തി.
ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിരൂപത കാര്യാലയത്തിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി പോലീസിന്റെ സാന്നിധ്യം തുടര്‍ന്നും ഉണ്ടാകും. അതിരൂപത കച്ചേരിയെ വിവിധ കാര്യങ്ങള്‍ക്കായി സമീപിക്കേണ്ടവര്‍ക്ക് അതിനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടാകും. വൈദികരും സമര്‍പ്പിതരും അല്മായരും ഇക്കാര്യങ്ങളോടു സഹകരിക്കണമെന്നും അഡ്മിനിസ്ട്രേറ്റര്‍ അഭ്യര്‍ഥിച്ചു.