പാലക്കാട് വ്യവസായഗ്രാമം പദ്ധതി അതിവേഗം നടപ്പാക്കുമെന്ന്
Wednesday, October 9, 2024 2:06 AM IST
തിരുവനന്തപുരം: കൊച്ചി ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായുള്ള പാലക്കാട് വ്യവസായ ഗ്രാമം പദ്ധതി അതിവേഗം നടപ്പിലാക്കുമെന്നു മന്ത്രി പി. രാജീവ്.
പദ്ധതിക്കായുള്ള 80 ശതമാനം ഭൂമിയും ഏറ്റെടുത്തു. ഇക്കാര്യം കേന്ദ്ര സർക്കാരിനെ അറിയിക്കുകയും ചെയ്തു. 1710 ഏക്കർ ഭൂമിയാണ് ഏറ്റെടുത്തത്. ശേഷിക്കുന്ന 240 ഏക്കർ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്.
മുഴുവൻ സ്ഥലവും ഏറ്റെടുത്തതായി കണക്കാക്കിയാണു പദ്ധതിക്കു കേന്ദ്ര സർക്കാർ അനുമതി നൽകിയത്. സ്ഥലം ഏറ്റെടുത്തതായി കേന്ദ്രത്തെ അറിയിച്ച് ഒന്നര വർഷത്തിനു ശേഷമാണ് അനുമതി ലഭിച്ചത്.
എന്നാൽ ഈ കാലതാമസം മറികടക്കാൻ സംസ്ഥാനം മാസ്റ്റർപ്ലാനും ഡിപിആറും ഇതിനിടയിൽ തയാറാക്കി. ടെൻഡറിനുള്ള നടപടികളും സ്വീകരിച്ചു. നാഷണൽ കോ-ഓർഡിനേഷൻ അഥോറിറ്റിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചതായും മന്ത്രി പറഞ്ഞു.