രക്തരക്ഷസ് വീണ്ടും അരങ്ങിലെത്തുന്നു
Wednesday, October 9, 2024 12:44 AM IST
തൃശൂർ: ഏരീസ് കലാനിലയം എന്ന പുതിയ നാമകരണത്തോടെ, വ്യവസായപ്രമുഖൻ സോഹൻ റോയിയുമായി ചേർന്ന് സംവിധായകൻ അനന്തപത്മനാഭൻ രക്തരക്ഷസിനെ വീണ്ടും അരങ്ങിലെത്തിക്കുന്നു.
ആറു പതിറ്റാണ്ടുമുൻപ് കലാനിലയം കൃഷ്ണൻനായർ വിഭാവനംചെയ്ത് അരങ്ങിലെത്തിച്ച കലാനിലയത്തിന്റെയും രക്തരക്ഷസിന്റെയും മൂന്നാംവരവിനു കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളം ക്ഷേത്രമൈതാനത്താണു വേദി ഒരുങ്ങുന്നത്.
അത്യാധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി 13 നാണ് രക്തരക്ഷസ് വീണ്ടും പ്രേക്ഷകന്റെ മുന്നിലെത്തുക. ചാപ്റ്റർ ഒന്ന്, രണ്ട് എന്നിങ്ങനെ രണ്ടു ഭാഗങ്ങളായാണ് നാടകം ഇത്തവണ അവതരിപ്പിക്കുന്നതെന്നു അനന്തപദ്മനാഭൻ അറിയിച്ചു. ഒന്നാംഭാഗത്തിൽ പറയാൻ ബാക്കിവച്ച രക്തരക്ഷസിന്റെ രഹസ്യമാണ് രണ്ടാംഭാഗത്തിലൂടെ അരങ്ങിൽ എത്തുന്നത്. രക്തരക്ഷസ് ചാപ്റ്റർ ഒന്നാണ് ആദ്യം അവതരിപ്പിക്കുക.
സിനിമാതാരം വിയാൻ മംഗലശേരിയടക്കം നിരവധി തെന്നിന്ത്യൻതാരങ്ങളും നാടകത്തിൽ അഭിനേതാക്കളായെത്തും. നൂറ്റന്‍പതിലേറെ കലാകാരൻമാരും സാങ്കേതികപ്രവർത്തകരും ഭാഗമാകുന്ന നാടകം ഒരു വേദിയിൽ 25 മുതൽ 30 വരെ ദിവസങ്ങളാണ് അരങ്ങേറുക. ഒരുദിവസം രണ്ടു പ്രദർശനങ്ങൾ.
വൈകുന്നേരം 6.30 നും രാത്രി 9.30 നും. 700, 500, 300 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ജനങ്ങൾക്ക് ഓണ്‍ലൈനായും ഓഫ്ലൈനായും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനു സൗകര്യമൊരുക്കും. ഡിജിറ്റൽ 7.1 ശബ്ദമികവോടുകൂടി ഒരുക്കുന്ന വേദിയിൽ പൂർണമായ ശീതീകരണസംവിധാനങ്ങളും പുഷ്ബാക്ക് സീറ്റുകളുമുണ്ടാകും. പത്രസമ്മേളനത്തിൽ വിയാൻ, മീഡിയ കോ ഓർഡിനേറ്റർ കവിത ഭാമ എന്നിവരും പങ്കെടുത്തു.