സംസ്ഥാന സ്കൂൾ ഗെയിംസ്: ആർച്ചറിയിൽ വയനാടും യോഗയിൽ പാലക്കാടും മുന്നിൽ
Wednesday, October 9, 2024 12:44 AM IST
കണ്ണൂർ: 66-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ഗ്രൂപ്പ് -മൂന്ന് മത്സരങ്ങളുടെ രണ്ടാം ദിവസം ആർച്ചറി മത്സരങ്ങളിൽ ആകെയുള്ള 12 ഇനങ്ങളിൽ 11 എണ്ണം പൂർത്തിയായപ്പോൾ നാലു സ്വർണം, നാലു വെള്ളി, രണ്ടു വെങ്കലമടക്കം 34 പോയിന്റുകൾ നേടി വയനാട് ഒന്നാം സ്ഥാനത്ത്.
രണ്ടു സ്വർണവും മൂന്നു വെള്ളിയും രണ്ടു വെങ്കലവുമടക്കം 21 പോയിന്റുകൾ നേടിയ പാലക്കാടാണു രണ്ടാം സ്ഥാനത്ത്. തിരുവനന്തപുരമാണ് മൂന്നാം സ്ഥാനത്ത്. രണ്ടു വീതം സ്വർണവും വെള്ളിയും വെങ്കലവും നേടി 18 പോയിന്റകളാണ് തിരുവനന്തപുരത്തിനുള്ളത്. ഒരു മത്സരത്തിന്റെ ഫലം അപ്പീൽ കാരണം തടഞ്ഞു വച്ചിരിക്കുകയാണ്.
യോഗ മത്സരങ്ങളിൽ ആകെയുള്ള ആറിനങ്ങളിൽ അഞ്ചണ്ണം പൂർത്തിയായപ്പോൾ രണ്ടു സ്വർണം ഒരു വെള്ളി ഉൾപ്പെടെ 18 പോയിന്റുകൾ നേടി പാലക്കാട് ഒന്നാമതും ഒരു സ്വർണവും ഒരു വെള്ളിയും രണ്ടു വെങ്കലവും നേടി 11 പോയിന്റുകളോടെ ആതിഥേയരായ കണ്ണൂർ, ഒരു സ്വർണം, ഒരു വെള്ളി എന്നിവയടക്കം 11 പോയിന്റുകൾ നേടിയ തൃശൂർ എന്നിവർ രണ്ടാം സ്ഥാനത്തുമാണ്.
തായ്ക്വാണ്ടോ മത്സരങ്ങളിൽ ആറു സ്വർണം, മൂന്നു വെള്ളി, രണ്ടു വെങ്കലം എന്നിങ്ങനെ 41 പോയിന്റുകൾ നേടിയ കാസർഗോഡാണ് ഒന്നാം സ്ഥാനത്ത്. നാലു സ്വർണം, നാലു വെള്ളി, ആറു വെങ്കലം എന്നിവയോടെ 38 പോയിന്റുകൾ നേടിയ മലപ്പുറം രണ്ടാം സ്ഥാനത്തും മൂന്നു വീതം സ്വർണവും വെള്ളിയും ഏഴു വെങ്കലവും നേടി 31 പോയിന്റ് കരസ്ഥമാക്കിയ എറണാകുളം മൂന്നാം സ്ഥാനത്തുമെത്തി.
റസ്ലിംഗ് മത്സരങ്ങളിൽ ആകെയുള്ള 60 ഇനങ്ങളിൽ 30 എണ്ണം പൂർത്തിയായപ്പോൾ 13 സ്വർണം, രണ്ടു വെള്ളി, രണ്ടു വെങ്കലം എന്നിവയുമായി 73 പോയിന്റുകളോടെ കണ്ണൂരാണ് മുന്നിൽ.
എട്ടു സ്വർണവും അഞ്ചു വെള്ളിയും നാലു വെങ്കലവുമായി 59 പോയിന്റുകൾ നേടിയ തിരുവനന്തപുരം രണ്ടാം സ്ഥാനത്തും മൂന്നു സ്വർണം, നാലു വെള്ളി, 11 വെങ്കലം എന്നിവയുമായി മലപ്പുറം 38 പോയിന്റുകളോടെ മൂന്നാം സ്ഥാനത്തും നിൽക്കുന്നു. ജൂണിയർ ആൺകുട്ടികളുടെ (അണ്ടർ-17) ബാസ്ക്കറ്റ് ബോൾ മത്സരത്തിൽ കോഴിക്കോട്, ആലപ്പുഴ, തൃശൂർ, കോട്ടയം എന്നിവർ സെമി ഫൈനലിലേക്കു കടന്നു.
ഉദ്ഘാടനം മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു
കണ്ണൂർ: സ്കൂൾ ഗെയിംസിന്റെ ഉദ്ഘാടനം മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു.
കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ അധ്യക്ഷത വഹിച്ചു.
കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ബാബു മഹേശ്വരി പ്രസാദ്, സംസ്ഥാന സ്പോർട്സ് ഓർഗനൈസർ ഡോ. സി.എസ്. പ്രദീപ്, കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.കെ. പവിത്രൻ, ആർഡി ഡി രാജേഷ് കുമാർ, ഡയറ്റ് പ്രിൻസിപ്പൽ വി.വി. പ്രേമരാജൻ,എസ്എസ്കെ പ്രോജക്ട് ഓഫീസർ ഇ.സി. വിനോദ്, സി.എം.നിധിൻ , ജില്ലാ സ്പോർട്സ് ഓർഗനൈസർ പി.പി. മുഹമ്മദ് അലി എന്നിവർ പങ്കെടുത്തു.
ഗെയിംസ് ഇന്ന് സമാപിക്കും
ഇന്ന് മുണ്ടായട് ഇൻഡോർ സ്റ്റേഡിയത്തിൽ റസ്ലിംഗ് മത്സരങ്ങളും തായ്ക്വാണ്ടോ മത്സരങ്ങളും നടക്കും.
തലശേരി ബാസ്ക്കറ്റ്ബോൾ സ്റ്റേഡിയത്തിൽ ബാസ്ക്കറ്റ് ബോൾ മത്സരങ്ങൾ, സായ് സെന്ററിൽ ജിംനാസ്റ്റികസ്, കണ്ണൂർ ജിവിഎച്ച്എസ്എസ്(സ്പോർട്സിൽ) യോഗാസന മത്സരങ്ങളും നടക്കും.