വ്യാഴവട്ടം കഴിഞ്ഞു... നീതിക്കായുള്ള പോരാട്ടത്തിൽ ഷുക്കൂറിന്റെ കുടുംബം
Friday, September 20, 2024 1:15 AM IST
റെനീഷ് മാത്യു
കണ്ണൂർ: പാർട്ടിക്കോടതി വിചാരണ നടത്തി നടപ്പാക്കിയ വധശിക്ഷയെന്ന പേരിൽ ദേശീയശ്രദ്ധയാകർഷിച്ച രാഷ്ട്രീയ കൊലപാതകമായിരുന്നു മുസ്ലിംലീഗ് പ്രവർത്തകനായ തളിപ്പറന്പ് അരിയിൽ ഷുക്കൂറിന്റെ വധം. കണ്ണൂർ ജില്ലയിൽ നടന്ന അരുംകൊലകളിൽ പൈശാചികതയിൽ വേറിട്ടുനിന്ന ഒരു പകൽ കൊലപാതകം.
പിന്തുടർന്നു പിടികൂടുകയും മണിക്കൂറുകൾ തടഞ്ഞുവച്ചു വിചാരണ നടത്തി കൊലപ്പെടുത്തുകയുമായിരുന്നു. 2012 ഫെബ്രുവരി 20 ന് ഉച്ചകഴിഞ്ഞു മൂന്നോടെയാണു കണ്ണപുരം കീഴറ വള്ളുവൻകടവിൽ ഇരുപത്തിയൊന്നുകാരനായ അബ്ദുൾ ഷുക്കൂർ കൊല്ലപ്പെടുന്നത്. 12 വർഷം കഴിഞ്ഞിട്ടും നീതിക്കായുള്ള പോരാട്ടത്തിൽ ഷുക്കൂറിന്റെ കുടുംബം കോടതികൾ കയറിയിറങ്ങുകയാണ്.
സിപിഎം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷ് എംഎൽഎയും സഞ്ചരിച്ചിരുന്ന വാഹനം തളിപ്പറന്പ് അരിയിൽ ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് ഏതാനും മണിക്കൂറിനുള്ളിലായിരുന്നു കൊലപാതകം. ഷുക്കൂറിനൊപ്പം നാട്ടുകാരനായ സക്കറിയയ്ക്കു വെട്ടേൽക്കുകയും ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നുപേർക്കു ക്രൂരമായ മർദനമേൽക്കുകയുംചെയ്തിരുന്നു. സിപിഎം നേതാക്കളും സജീവപ്രവർത്തകരുമായ 33 പേരായിരുന്നു കേസിലെ പ്രതികൾ.
ഇതിൽ അന്നത്തെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ 32-ാം പ്രതിയും ടി.വി. രാജേഷ് 33-ാം പ്രതിയുമാണ്. ഗൂഢാലോചനയ്ക്കാണ് ഇവർക്കെതിരേ ആദ്യം കേസെടുത്തതെങ്കിലും പിന്നീടതു പ്രേരണാക്കുറ്റമാക്കി മാറ്റുകയായിരുന്നു. എന്നാൽ, ഹൈക്കോടതി ഇതുവിമർശിക്കുകയും ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു.
ജയരാജനെയും ടി.വി. രാജേഷിനെയും ആക്രമിച്ച സംഘത്തിൽ ഷുക്കൂർ ഇല്ലായിരുന്നെന്നു പോലീസ് അന്വേഷണത്തിൽ പിന്നീട് വ്യക്തമായിരുന്നു. സംഭവദിവസം ക്രിക്കറ്റ് കളിക്കിടെ പരിക്കേറ്റ ഒരാളുമായി ചെറുകുന്നിലെ ആശുപത്രിയിലേക്കു പോവുകയായിരുന്നു ഷുക്കൂർ അടങ്ങുന്ന സംഘം. കടത്തുകടന്ന് ഇവർ പോകുന്നതു കണ്ട സിപിഎം പ്രവർത്തകർ ബന്ധപ്പെട്ടവർക്കു വിവരം നൽകുകയായിരുന്നു. ഇതു മൊബൈൽ ഫോണുകളിലൂടെ പല ഭാഗങ്ങളിലേക്കും പ്രചരിച്ചു. തുടർന്നു പ്രവർത്തകർ ഒത്തുകൂടുകയും ഇവരെ പിന്തുടരുകയുമായിരുന്നു.
അക്രമികളെ കണ്ട് പരിചയക്കാരനായ മുഹമ്മദ്കുഞ്ഞി എന്നയാളുടെ വീട്ടിൽ അഞ്ചംഗസംഘം അഭയംതേടി. ഇതേത്തുടർന്ന് ആക്രമികൾ വീടുവളഞ്ഞു. വീട്ടിനകത്ത് കയറി ഷുക്കൂറിനെയും മറ്റും ചോദ്യം ചെയ്തു. ഇതിനിടെ മൊബൈൽ കാമറയിൽ ഇവരുടെ ചിത്രങ്ങൾ പകർത്തി. ഈ ചിത്രങ്ങൾ പലരുടെയും മൊബൈലുകളിലേക്ക് എംഎംഎസ് ചെയ്യുകയും തളിപ്പറന്പിൽ കൊണ്ടുപോയി ചിലരെ കാണിക്കുകയും ചെയ്തുവത്രെ. ചിത്രങ്ങൾ പരിശോധിച്ചശേഷം ഷുക്കൂറും സക്കറിയ എന്നയാളും വാഹനം ആക്രമിച്ച സംഘത്തിലുണ്ടായിരുന്നതായി സ്ഥിരീകരണം നൽകിയെന്നും പറയുന്നു. അക്രമത്തെത്തുടർന്നു ചികിത്സ തേടിയ ജയരാജനും രാജേഷും ഈസമയം തളിപ്പറന്പ് സഹകരണ ആശുപത്രിയിലുണ്ടായിരുന്നു.
ഷുക്കൂറും സക്കറിയയും അക്രമിസംഘത്തിൽ ഉണ്ടായിരുന്നെന്നു സ്ഥിരീകരണം ലഭിച്ചതോടെ തടഞ്ഞുവച്ച മറ്റുള്ളവരെ വിട്ടയച്ചു. ആക്രമിക്കില്ലെന്നു മുഹമ്മദ്കുഞ്ഞിക്ക് ഉറപ്പുനൽകിയശേഷം ഇരുവരെയും പുറത്തേക്കു ബലമായി കൊണ്ടുപോയി. തങ്ങൾ നിരപരാധികളാണെന്നും വിട്ടയയ്ക്കണമെന്നും ഇവർ കേണപേക്ഷിച്ചെങ്കിലും അക്രമികൾ ദയ കാട്ടിയില്ല.
വീടിനു സമീപത്തെ വയലിലൂടെ 200 മീറ്ററോളം ഇവരെ കൊണ്ടുപോയശേഷം സക്കറിയയെ മർദിക്കാൻ തുടങ്ങി. തങ്ങളെ കൊലപ്പെടുത്തുകയാണു ലക്ഷ്യമെന്ന് ഇതിനകം വ്യക്തമായ ഷുക്കൂർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും അക്രമിസംഘം പിന്തുടർന്ന് ഒട്ടേറെപ്പേർ നോക്കിനിൽക്കേ വെട്ടിവീഴ്ത്തുകയുമായിരുന്നുവെന്നു പോലീസ് റിപ്പോർട്ടിൽ പറയുന്നു.
ഒന്നരമണിക്കൂറോളം അക്രമിസംഘം സ്ഥലത്തുണ്ടായിരുന്നു. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളടക്കം ഇതിനകം അവിടെ എത്തിയിരുന്നു. ബഹളംകേട്ട് പരിസരവാസികളുമെത്തിയിരുന്നു. എന്നാൽ അഭയം നൽകിയ മുഹമ്മദ്കുഞ്ഞിയല്ലാതെ മറ്റാരും അക്രമികളെ തടയാൻ ശ്രമിച്ചില്ല. വെട്ടേറ്റ ഷുക്കൂർ സംഭവസ്ഥലത്തു രക്തം വാർന്നു മരിച്ചു.
ഈ കേസിൽ പി. ജയരാജനെ അറസ്റ്റുചെയ്തതിനെ തുടർന്നു സംസ്ഥാനവ്യാപകമായി സിപിഎം പ്രവർത്തകർ അക്രമങ്ങൾ നടത്തിയിരുന്നു. പോലീസ് സ്റ്റേഷനുകൾവരെ പരക്കേ ആക്രമിക്കപ്പെട്ടു.
രണ്ട് അന്വേഷണ ഏജൻസികൾ, രണ്ട് കുറ്റപത്രം
ഷുക്കൂര്‍ വധക്കേസില്‍ ആദ്യം ലോക്കൽ പോലീസും പിന്നീട് സിബിഐയും കുറ്റപത്രം സമർപ്പിച്ചപ്പോൾ രണ്ട് അന്വേഷണ ഏജന്‍സികള്‍ അന്വേഷണം നടത്തുകയും രണ്ട് ഏജന്‍സികള്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തുവെന്ന പ്രത്യേകതയും ഉണ്ട്. വളപട്ടണം സിഐയായിരുന്ന യു. പ്രേമന്റെ നേതൃത്വത്തിലുള്ള ലോക്കല്‍ പോലീസ് അന്വേഷണം നടത്തിയ ഈ കേസില്‍ 118-ാം വകുപ്പ് പ്രകാരം പി. ജയരാജനെയും ടി.വി. രാജേഷിനെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരുള്‍പ്പെടെയുള്ള പ്രതികളുടെ കുറ്റപത്രം 2012 ഓഗസ്റ്റ് 23ന് സിഐ യു. പ്രേമന് തലശേരി കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.
ഒന്നു മുതല്‍ 27 വരെയുള്ള പ്രതികള്‍ക്കെതിരേ സംഘം ചേര്‍ന്ന് ആക്രമിക്കൽ, തട്ടിക്കൊണ്ടുപോകല്‍, വധശ്രമം, കൊലപാതകം, തുടങ്ങിയ കുറ്റങ്ങളും പി. ജയരാജന് ഉള്‍പ്പെടെ 28 മുതല്‍ 33 വരെയുള്ള പ്രതികള്‍ക്കെതിരേ 118 പ്രകാരം കുറ്റകൃത്യം അറിഞ്ഞിട്ടും മറച്ചുവച്ചുവെന്നുമാണ് ലോക്കല്‍ പോലീസ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. ഇതിനെതിരേയാണ് ഷുക്കൂറിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്. ഷുക്കൂറിന്റെ അമ്മ ആത്തിക്ക നല്കിയ ഹർജിയെ തുടര്‍ന്ന് ‘ഈ അമ്മയുടെ നിലവിളി കേള്‍ക്കാതിരിക്കാന്‍ കഴിയില്ലാ’യെന്ന പരമാര്‍ശത്തോടെ 2016 ഫെബ്രുവരി എട്ടിനാണ് ജസ്റ്റീസ് കമാല്‍ പാഷ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
പി. ജയരാജന്, ടി.വി. രാജേഷ് എന്നിവര്‍ക്കെതിരേ കൊലക്കുറ്റവും ക്രിമിനല്‍ ഗൂഢാലോചനയും ചുമത്തി 2019 ജനുവരി നാലിനാണ് അഡീഷണല്‍ എസ്പി ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സിബിഐ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം 302, 120 ബി തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ഇരുവരും കുറ്റക്കാരാണെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്.
രണ്ട് മാധ്യമ പ്രവര്‍ത്തകരുടെയും രണ്ട് മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെയും മൊഴിയടങ്ങിയ കുറ്റപത്രത്തില്‍ പി. ജയരാജനുള്‍പ്പെടെ 28 മുതല്‍ 33 വരെയുള്ള പ്രതികള്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പി. ജയരാജന് കിടന്ന മുറിക്കുള്ളില്വച്ചും പുറത്തുവച്ചും ഗൂഢാലോചന നടത്തിയതായി സിബിഐ കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കേസിൽ 33 പ്രതികൾ
33 പ്രതികളുള്ള ഈ കേസിൽ 20-ാം പ്രതി സരീഷ് മരണമടഞ്ഞിരുന്നു. 23-ാം പ്രതി കണ്ണപുരത്തെ അജയകുമാർ വിദേശത്താണുള്ളത്. ഡിവൈഎഫ്ഐ കണ്ണപുരം വില്ലേജ് കമ്മറ്റി അംഗം കെ.വി. സുമേഷ് (27), ഡിവൈഎഫ്ഐ പാപ്പിനിശേരി ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കണ്ണപുരത്തെ പി. ഗണേശൻ (35), ഡിവൈഎഫ്ഐ കണ്ണപുരം വെസ്റ്റ് വില്ലേജ് കമ്മിറ്റി അംഗം പി. അനൂപ് (32), സിപിഎം ചേര ബ്രാഞ്ച് സെക്രട്ടറി വിജേഷ് എന്ന ബാബു (27), മൊറാഴയിലെ കെ. പ്രകാശൻ, അരിയിൽ വി. ഉമേശൻ, സിപിഎം കീഴറ ബ്രാഞ്ച് സെക്രട്ടറി പി. പവിത്രൻ, ഡിവൈഎഫ് മൊറാഴ യൂണിറ്റ് പ്രസിഡന്റ് സി.എ. ലതീഷ് (29), പാലങ്ങോട് വളപ്പിൽ മനോഹരൻ, നടുവിലെ പുരയിൽ ദിനേശൻ എന്ന മൈന ദിനേശൻ, മൊറാഴയിലെ ചോവാൻ നാരോത്ത് സി.എൻ. മോഹനൻ, സിപിഎം ജില്ലാ കമ്മറ്റി അംഗം വാടി രവിയുടെ മകൻ ബിജുമോൻ (32), കീഴറയിലെ നിധിൻ (29), വള്ളുവൻകടവിൽ എരിയിൽപോള രാധാകൃഷ്ണൻ, മാടായി കോളജ് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ഷിജിൻ മോഹൻ (21), സിപിഎം കണ്ണപുരം ടൗണ്‍ സെൻട്രൽ ബ്രാഞ്ച് സെക്രട്ടറി കെ.വി. സജിത്ത് (30), കെഎസ്ആർടിസി ജീവനക്കാരൻ മൊറാഴയിലെ സുധാകരൻ (38), ഇപ്പോഴത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്ത്, പെരിയാട്ടെ കെ.വി. ഷാജി (34), മൊറാഴയിലെ പ്രകാശൻ (37), പട്ടുവത്തെ രാജീവൻ (42), വള്ളുവൻകാട് നടുവിലെ പുരയിൽ വി.വി. മോഹനൻ, മേലത്തുവളപ്പിൽ പുരുഷോത്തമൻ, ഫയർഫോഴ്സ് ജീവനക്കാരനായ കോലത്ത് വീട്ടിൽ അജിത്ത്കുമാർ, പട്ടുവം എടമുട്ട് പടിഞ്ഞാറെ പുരയിൽ പി.പി. സുരേശൻ, സിപിഎം അരിയിൽ ബ്രാഞ്ച് സെക്രട്ടറി കാരക്കാടൻ ബാബു, അരിയിൽ ലോക്കൽ സെക്രട്ടറിയും ഏഴോം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ യു.വി. വേണു, ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി അംഗം ആന്തൂർ വീട്ടിൽ ബാബു, അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജൻ, ടി.വി. രാജേഷ് എന്നിവരാണ് പ്രതികൾ.