വയനാട് ദുരിതാശ്വാസം: യഥാർഥ കണക്ക് പുറത്തുവിടണമെന്ന് രമേശ് ചെന്നിത്തല
Wednesday, September 18, 2024 1:57 AM IST
തൃശൂർ: വയനാട് ഉരുള്‍പൊട്ടൽ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ച തുകയുടെ യഥാർഥ കണക്ക് പുറത്തുവിടാൻ സർക്കാർ തയാറാകണമെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തെറ്റായ കണക്കുകൾ നൽകിയാൽ കേന്ദ്രത്തിൽനിന്നുള്ള സഹായം പ്രതിസന്ധിയിലാകും.
കഴിഞ്ഞദിവസം പുറത്തുവന്ന എസ്റ്റിമേറ്റില്‍ ആക്ച്വൽസ് എന്നു കാണിച്ചിരിക്കുന്ന ഭാഗത്തു മൃതദേഹം സംസ്കരിച്ചതിനു ശരാശരി 75,000 രൂപ, ദുരിതാശ്വാസ ക്യാന്പിൽ ഭക്ഷണത്തിന് എട്ടുകോടിയിലധികം രൂപ, വസ്ത്രത്തിന് 11 കോടി, ക്യാന്പുകളിൽ ജനറേറ്റർ പ്രവർത്തിപ്പിച്ചതിന് ഏഴുകോടി! ഇവ യഥാര്‍ഥത്തില്‍ ചെലവഴിച്ചതാണോ, ബില്ലുകള്‍ സര്‍ക്കാരിന്റെ കൈയിലുണ്ടോ- ചെന്നിത്തല ചോദിച്ചു.
കൂടുതൽ സഹായം പുനരധിവാസത്തിനാവശ്യമാണെന്നുകാണിച്ച് കണക്കുനൽകുകയാണു വേണ്ടത്. അതിനുപകരം യാഥാർഥ്യബോധമില്ലാത്ത കണക്കുകൾ അവതരിപ്പിക്കുന്നത് ശരിയാണോയെന്ന് സർക്കാർ ആലോചിക്കണമെന്നും ചെന്നിത്തല പത്രസമ്മേളനത്തിൽ പറഞ്ഞു.