കെ-ഫോണ് അഴിമതി:നിയമവിദഗ്ധരുമായി ആലോചിച്ച് തുടർനടപടി
Sunday, September 15, 2024 2:27 AM IST
തിരുവനന്തപുരം: കെ-ഫോണ് ഹൈക്കോടതി വിധിയുടെ പൂർണരൂപം പരിശോധിച്ച ശേഷം നിയമവിദഗ്ധരുമായി ആലോചിച്ചു തുടർനടപടി സ്വീകരിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെ-ഫോണ് അഴിമതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവിന്റെ ഹർജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണു തുടർനടപടി ആലോചിക്കുന്നത്.
2017ൽ സംസ്ഥാന സർക്കാർ കെ-ഫോണ് പദ്ധതി പ്രഖ്യാപിച്ചപ്പോൾ 18 മാസം കൊണ്ട് 20 ലക്ഷം പേർക്ക് കണക്ഷൻ നൽകുമെന്നായിരുന്നു അവകാശവാദം. എന്നാൽ എഴു വർഷം കഴിഞ്ഞിട്ടും 5000 പേർക്കു പോലും കണക്ഷൻ നൽകാൻ കഴിഞ്ഞിട്ടില്ല.
1028 കോടിയുടെ പദ്ധതിക്ക് 58 ശതമാനം മാർജിനൽ ഇൻക്രീസ് നൽകി 1531 കോടി രൂപയ്ക്ക് കരാർ നൽകിയതിലൂടെ ഖജനാവിനുണ്ടായ ഭീമമായ നഷ്ടവും എംഎസ്പി, ഐഎസ്പി കരാറുകൾ എഐ കാമറ അഴിമതിയിൽ ഉൾപ്പെട്ട സ്ഥാപനങ്ങൾക്ക് അനധികൃതമായി നൽകിയതും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്.
2017ൽ പദ്ധതി തുടങ്ങി ഇത്രയും വർഷം കഴിഞ്ഞ സാഹചര്യത്തിൽ സിബിഐ അന്വേഷണം അനുവദിക്കുന്നില്ലെന്നാണ് ഹൈക്കോടതി വിധിയിയിലുള്ളത്. സിഎജി അടക്കം ക്രമക്കേട് ചൂണ്ടികാണിച്ച പദ്ധതിയാണിത്. ഈ വിഷയത്തിൽ സർക്കാർ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നാണ് മനസിലാകുന്നത്.
കെ ഫോണ് അഴിമതിയുടെ ആഴവും പരപ്പും വരും നാളുകളിൽ ജനങ്ങൾക്കു വെളിവാകും. സർക്കാരിലെ കൊടിയ അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.