കടല്‍പായല്‍ കൃഷി: മികവിന്റെ കേന്ദ്രമായി സിഎംഎഫ്ആര്‍ഐ
Saturday, September 14, 2024 2:22 AM IST
കൊച്ചി: കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തെ (സിഎംഎഎഫ്ആര്‍ഐ) കടല്‍പായല്‍ കൃഷിയുടെ മികവിന്റെ കേന്ദ്രമായി (സെന്റര്‍ ഓഫ് എക്സലന്‍സ്) കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുത്തു. ഇന്ത്യയില്‍ കടല്‍പായല്‍ ഉത്പാദനവും പ്രചാരണവും ലക്ഷ്യമിട്ടു കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റേതാണ് നടപടി.
ഇതനുസരിച്ച് സിഎംഎഫ്ആര്‍ഐയുടെ തമിഴ്നാട്ടിലുള്ള മണ്ഡപം പ്രാദേശികകേന്ദ്രത്തില്‍ കടല്‍പായല്‍ കൃഷി ഗവേഷണം, വികസന പ്രവര്‍ത്തനങ്ങള്‍, പരിശീലനം, മാനവശേഷി വികസനം തുടങ്ങിയവ നടപ്പാക്കും.
ആഗോള കടല്‍പായല്‍ വ്യവസായത്തില്‍ ഇന്ത്യയുടെ പങ്ക് ഉയര്‍ത്തുന്നതിനായി ഈ കേന്ദ്രം പ്രവര്‍ത്തിക്കും. സുസ്ഥിര കടല്‍പായല്‍ കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം മേഖലയിലെ പ്രധാന വെല്ലുവിളികള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളുമുണ്ടാകും.
സാങ്കേതികവിദ്യകള്‍ മെച്ചപ്പെടുത്തുന്നതുള്‍പ്പെടെയുള്ള പഠനങ്ങള്‍ക്ക് സിഎംഎഫ്ആര്‍ഐ നേതൃത്വം നല്‍കും. നാടന്‍ കടല്‍പായല്‍ ഇനങ്ങളുടെ ജനിതകവൈവിധ്യം നിലനിര്‍ത്തുന്നതിന് വിത്തു ബാങ്ക് സ്ഥാപിക്കും.
ഗുണനിലവാരമുള്ള തൈകളുടെ ലഭ്യതയും വിതരണവും ഉറപ്പാക്കും. സുസ്ഥിരത നിലനിര്‍ത്താന്‍ പരിസ്ഥിതി ആഘാത പഠനങ്ങള്‍ നടത്തും. കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും വിവിധ പരിശീലനപദ്ധതികള്‍ നടപ്പാക്കും. ആഗോളതലത്തില്‍ സ്ഥാപനങ്ങളുമായും വിദഗ്ധരുമായും സഹകരണബന്ധം സ്ഥാപിക്കും.
ഇന്ത്യയിലെ കടല്‍പായല്‍ ഉത്പാദന-വികസന രംഗത്തു നിര്‍ണായക ചുവടുവയ്പാണിതെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു.