“ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിയതിനു പിന്നിൽ അജിത്കുമാറും ശശിയും” ; ആരോപണവുമായി അൻവർ
Thursday, September 12, 2024 4:18 AM IST
മലപ്പുറം: വീണ്ടും കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പി.വി. അന്‍വര്‍ എംഎല്‍എ രംഗത്ത്. എഡിജിപി എം.ആര്. അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു മുമ്പാകെ എത്താതെ പൂഴ്ത്തിവച്ചെന്നും അജിത്കുമാറും പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുമാണ് ഇതിനു പിന്നിലെന്നും അന്‍വര്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു.
“തക്ക സമയത്ത് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രി നടപടിയെടുത്തില്ലെന്നതു മൂന്നു നാലു ദിവസമായി സംസ്ഥാനത്തു ചര്‍ച്ചയാണ്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചുവെന്നാണ് എന്റെ അന്വേഷണത്തില്‍ ചില പോലീസ് ഉദ്യോഗസ്ഥരില്‍നിന്നു മനസിലാക്കാന്‍ കഴിഞ്ഞത്.
സ്പെഷല്‍ ബ്രാഞ്ച് രണ്ടാമത് അന്വേഷിച്ചപ്പോഴാണ് മുഖ്യമന്ത്രി വിവരം അറിയുന്നത്. വിശ്വസിച്ചവര്‍ ചതിച്ചാല്പിന്നെ എന്താണു ചെയ്യാന്‍ കഴിയുക? അജിത്കുമാറിന്റെ കാര്യത്തിലായാലും മറ്റുള്ളവരുടെ കാര്യത്തിലായാലും മുഖ്യമന്ത്രി വിശ്വസിക്കുന്നവരെ വല്ലാതെ വിശ്വസിക്കും.
അവരെ അവിശ്വസിക്കണമെങ്കില്‍ അദ്ദേഹത്തിനു കൃത്യമായി അതു ബോധ്യപ്പെടണം. ആ ബോധ്യപ്പെടലിലേക്കു കാര്യങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. പൂര്‍ണബോധ്യം വരുന്നതോടെ അതിന്മേല് ഒരു തീരുമാനമുണ്ടാകുമെന്നുതന്നെയാണു ഞാന്‍ വിശ്വസിക്കുന്നത്’’- അന്‍വര്‍ പറഞ്ഞു.
സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ പോലീസിലെ ആര്‍എസ്എസ് സംഘം അന്വേഷണം വഴിതിരിച്ച് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി. മുന്‍ ഡിവൈഎസ്പി രാജേഷ് ആണ് കേസന്വേഷണം വഴിതിരിച്ചുവിട്ടത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ബൂത്ത് ഏജന്റായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നതായി അന്‍വര്‍ ആരോപിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി 2023 മേയില്‍ സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടില്‍ കേസ് എങ്ങനെയാണ് ആദ്യഘട്ടത്തില്‍ അട്ടിമറിച്ചതെന്നും ആരാണ് പിന്നിലുള്ളതെന്നും വ്യക്തമായി പറയുന്നുണ്ട്.
ഈ റിപ്പോര്‍ട്ടും അജിത്കുമാറിന്റെ ക്രിമിനല്‍ സംഘം പൂഴ്ത്തിവച്ചു. മുഖ്യമന്ത്രിയുടെ മുന്നിലെ ‘ബാരിക്കേഡില്‍’ തട്ടി ഇതെല്ലാം താഴേക്ക് പതിക്കുകയാണെന്നും അന്‍വര്‍ പറഞ്ഞു.