ഭിന്നശേഷിക്കാരായ കുട്ടികളോടുള്ള സർക്കാർ നിലപാടിൽ പ്രതിഷേധമിരന്പി
Thursday, September 12, 2024 4:18 AM IST
തിരുവനന്തപുരം: ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളോടും അവരെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളോടുമുള്ള സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധമിരന്പി.
സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ സമരത്തിലാണ് ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളും തങ്ങളടെ അവകാശങ്ങൾക്കായി ശക്തമായ പ്രതിഷേധമുയർത്തിയത്.
ഞങ്ങൾക്കും ജീവിക്കേണ്ടേ, ഞങ്ങളും മനുഷ്യരല്ലേ തുടങ്ങിയ മുദ്രാവാക്യവുമായി സമരത്തിലണിനിരന്ന നൂറുകണക്കിന് കുട്ടികളുടെ പ്രതിഷേധം അധികാരികളുടെ കണ്ണു തുറപ്പിക്കുമെന്നു പ്രത്യാശിക്കുന്നതായി സമരസമിതി ഭാരവാഹികൾ അറിയിച്ചു.
സംയുക്ത സമരസമിതി ചെയർമാൻ ഫാ. റോയി മാത്യു വടക്കേൽ സമരം ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായി ജനിച്ചുവെന്ന പേരിൽ നീതി നിഷേധിക്കപ്പെടരുതെന്നും ഇവർക്ക് ലഭിക്കേണ്ട അർഹമായ ആനുകൂല്യങ്ങൾ അധികാരികൾ ലഭ്യമാക്കണമെന്നും ഫാ. റോയി മാത്യു വടക്കേൽ പറഞ്ഞു.
ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് അനുയോജ്യമായ സൗജന്യവിദ്യാഭ്യാസം നല്‍കുന്നകാര്യത്തിൽ അധികൃതർ വിമുഖതകാണിക്കുന്നതായി സംയുക്ത സമരസമിതി കോ-ഓർഡിനേറ്റർ കെ.എം. ജോർജ് അഭിപ്രായപ്പെട്ടു.
കേരളത്തിലെ ഭിന്നശേഷിക്കാരുടെ വികാരം അറിയിക്കാനായാണ് ഈ സമരമെന്നു സ്പെഷൽ ഒളിന്പിക്സ് ഭാരത് കേരളാ ഏരിയ ഡയറക്ടറും സംയുക്ത സമരസമിതി സംഘാടകസമിതി അംഗവുമായ ഫാ. റോയി കണ്ണൻചിറ അഭിപ്രായപ്പെട്ടു. സംയുക്ത സമരസമിതി കണ്‍വീനർ തങ്കമണി ടീച്ചറും സമരത്തെ അഭിവാദ്യം ചെയ്ത് പ്രസംഗിച്ചു.
സ്വാതന്ത്ര്യം ലഭിച്ച് 75 വർഷത്തിലേറെയായിട്ടും ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളോടും സംരക്ഷിക്കുന്ന സ്ഥാപനങ്ങളോടും അവിടുത്തെ ജീവനക്കാരോടും അവഗണനയാണ് സർക്കാർ കാണിക്കുന്നതെന്നു സംയുക്ത സമര സമിതി കുറ്റപ്പെടുത്തി.
44 ലക്ഷത്തോളം കുട്ടികൾക്ക് സംസ്ഥാന സർക്കാർ സൗജന്യ വിദ്യാഭ്യാസം നൽകുന്പോൾ, ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് അനുയോജ്യമായ സൗജന്യ വിദ്യാഭ്യാസം നൽകുന്നതിന് സർക്കാർ വിമുഖത കാണിക്കുകയാണ്.
ബൗദ്ധിക വെല്ലുവിളി നേരിടുന്ന 18 വയസ് പൂർത്തിയാക്കിയവർക്കുള്ള തൊഴിൽ പരിശീലന കേന്ദ്രങ്ങൾക്ക് എല്ലാ വർഷവും ബജറ്റിൽ തുക നീക്കിവയ്ക്കാറുണ്ടെങ്കിലും ഇപ്പോഴും വാഗ്ദാനത്തിൽ മാത്രം ഒതുങ്ങി നിൽക്കുകയാണ്.
കുടുംബ പെൻഷനുകളുടെ പ്രതിമാസ വരുമാനപരിധി 5000 ആക്കി കുറച്ചതോടെ ഭൂരിപക്ഷം ഗുണഭോക്താക്കളും പദ്ധതിക്ക് പുറത്തായി. ഈ നടപടി തീർത്തും മനുഷ്യത്വരഹിതമായിപ്പോയതായും സംയുക്ത സമരസമിതി പ്രസ്താവനയിൽ പറഞ്ഞു.