പവര്‍ ഗ്രൂപ്പ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലും : സാന്ദ്രാ തോമസ്
Thursday, September 12, 2024 4:18 AM IST
കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ ഉള്വിഭാഗമുണ്ടെന്ന് നിര്‍മാതാവും ചലച്ചിത്രതാരവുമായ സാന്ദ്രാ തോമസ്.
അസോസിയേഷനിലെ ഈ വിഭാഗമാണു കാര്യങ്ങള്‍ തീരുമാനിക്കുന്നത്. സ്ത്രീകളെ പൂര്‍ണമായും അവഗണിക്കുകയാണ്. ഇതെല്ലാം ഒരു പവര്‍ ഗ്രൂപ്പിന്റെ ഭാഗമാണ്. സ്ത്രീകള്‍ സംഘടനയില്‍ ഇല്ലാത്തതുപോലെയാണു പെരുമാറ്റം. ഇതു സംഘടനയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നും സാന്ദ്രാ തോമസ് ആരോപിച്ചു.
വനിതാ നിര്‍മാതാക്കളുടെ പ്രശ്നങ്ങള്‍ പറയാന്‍ ഒരു വേദിയില്ല. അത്തരമൊരു സാധ്യത ഉണ്ടാകണം. സ്വേച്ഛാധിപത്യ തീരുമാനമാണ് അസോസിയേഷന് നടപ്പാക്കുന്നത്. അസോസിയേഷനില്‍ താരസംഘടനയായ ‘അമ്മ’യുടെ സ്വാധീനം ശക്തമാണ്.
സംഘടനകളുടെ തലപ്പത്ത് സ്ത്രീകള്‍ വരണം. വ്യാജ പീഡനപരാതികള്‍ വരുന്നുവെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നിലപാടിനോടു യോജിപ്പില്ല. തീയില്ലാതെ പുകയുണ്ടാകില്ല. പരാതികളില്‍ കൃത്യമായ അന്വേഷണം നടക്കണം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഈ വിഷയത്തില്‍ സംസാരിക്കണമെന്ന് അസോസിയേഷനോട് ആവശ്യപ്പെട്ടിട്ട് തീരുമാനം ഉണ്ടായിട്ടില്ല. നമ്മളെ സംബന്ധിച്ച വിഷയമല്ല, അതുകൊണ്ട് പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന നിലപാടാണു സംഘടനയ്ക്കുള്ളത്.
കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് അസോസിയേഷന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ കത്ത് തയാറാക്കിയത് എക്സിക്യൂട്ടീവ് അംഗങ്ങള്‍പോലും അറിഞ്ഞിരുന്നില്ല. പത്രക്കുറിപ്പുകള്‍ ഇറക്കുന്നതല്ലാതെ മുന്നോട്ടുവന്നു സംസാരിക്കാന്‍ നിര്‍മാതാക്കളും സംഘടനയും ഭയക്കുന്നുണ്ടെന്നും സാന്ദ്രാ തോമസ് ആരോപിച്ചു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നേതൃത്വം മാറണമെന്നാവശ്യപ്പെട്ട് നിര്‍മാതാക്കളായ സാന്ദ്രാ തോമസും ഷീലു കുര്യനും സംഘടനയ്ക്ക് കത്ത് നല്‍കിയിരുന്നു.