സിബിഐ അന്വേഷണം വെട്ടാൻ ക്രൈംബ്രാഞ്ചിനു കൈമാറി സർക്കാർ
Sunday, September 8, 2024 1:42 AM IST
തിരുവനന്തപുരം: ഉന്നത പോലീസ് ഉദ്യോഗസ്ഥർ ആരോപണമുനയിൽ നിൽക്കുന്ന കോഴിക്കോട്ടെ പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മുഹമ്മദ് ആട്ടൂരിനെ (മാമി) കാണാതായ സംഭവത്തിൽ കേസന്വേഷണം സിബിഐക്കു കൈമാറാതിരിക്കാൻ ക്രൈംബ്രാഞ്ചിന് വിട്ട് സർക്കാർ.
ഒരു വർഷത്തോളമായി കാണാതായ മാമിയെ ഇതുവരെ കണ്ടെത്താനാകാത്ത സാഹചര്യത്തിൽ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് മലപ്പുറം എസ്പി എസ്. ശശിധരൻ, സംസ്ഥാന പോലീസ് മേധാവിക്ക് ശിപാർശ നൽകിയിരുന്നു.
സംസ്ഥാന പോലീസ് മേധാവിയും സിബിഐക്കു വിടാമെന്നു നിർദേശിച്ചതിനു പിന്നാലെ ചില ഉന്നതർ ഇടപെട്ടു ക്രൈംബ്രാഞ്ച് അന്വേഷണം മതിയെന്നു നിർദേശിച്ചു. ഇതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാമിയുടെ ഭാര്യയുടെ ഹർജി ഹൈക്കോടതി ഒക്ടോ ബർ ഒന്നിന് പരിഗണിക്കാനിരിക്കെയാണ് സർക്കാരിന്റെ തിടുക്കപ്പെട്ടുള്ള നടപടി. മാമി കൊല്ലപ്പെട്ടതായി പി.വി. അൻവർ എംഎൽഎ സംശയം ഉന്നയിച്ചിരുന്നു. പോലീസ് അന്വേഷണത്തിൽ ദുരൂഹ ഇടപെടലുകളുണ്ടെന്ന് കുടുംബവും ആരോപിച്ചു.
നടക്കാവ് സിഐയും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുമൊക്കെ അന്വേഷിച്ചെങ്കിലും മാമി എവിടേക്കോ ഓടിപ്പോയെന്നാണ് നിഗമനം. ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണെന്നു ചൂണ്ടിക്കാട്ടി സർക്കാരിന് സിബിഐ അന്വേഷണത്തെ എതിർക്കാനാകും.
അന്വേഷണ സംഘത്തെ നിയോഗിക്കാനും ക്രൈംബ്രാഞ്ച് എഡിജിപിയോടു നിർദേശിച്ചിരുന്നു. കോഴിക്കോട്ടെ ഒരു വൻകിട ഭൂമി രജിസ്ട്രേഷൻ നടത്താനുണ്ടെന്ന് പറഞ്ഞ് കഴിഞ്ഞവർഷം ഓഗസ്റ്റ് 21ന് വീട്ടിൽനിന്നുപോയ മാമിയെ പിന്നീടു കാണാതാകുകയായിരുന്നു.
അന്വേഷണം പ്രത്യേക സംഘത്തിന്
തിരുവനന്തപുരം: കോഴിക്കട്ടുനിന്ന് മുഹമ്മദ് ആട്ടൂരിനെ (മാമി) കാണാതായ സംഭവം അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് കോഴിക്കോട് റേഞ്ച് ഐജി പി. പ്രകാശിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു.
കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി യു. പ്രേമനാണ് അന്വേഷണ ഉദ്യോഗസ്ഥൻ. കോഴിക്കോട്, വയനാട് ക്രൈംബ്രാഞ്ച് യൂണിറ്റുകളിലെ ഡിറ്റക്ടീവ് ഇൻസ്പെക്ടർമാരായ ഷാരോൺ സി.എസ്, രതീഷ് കുമാർ ആർ, പി. അഭിലാഷ് , സിബി തോമസ് എന്നിവരെക്കൂടാതെ കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പി യും സംഘത്തിലുണ്ട്.