വയനാട്, വിലങ്ങാട് ദുരന്ത പുനരധിവാസത്തിനായി കത്തോലിക്കാ സഭ ഓഫീസ് തുറന്നു
Saturday, September 7, 2024 1:54 AM IST
കല്പറ്റ: വയനാട്, വിലങ്ങാട് ഉരുള്‍പൊട്ടല്‍ മേഖലകളില്‍ കേരള കത്തോലിക്കാ സഭയുടെയും ദീപികയുടെയും നേതൃത്വത്തിലുള്ള ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തന ഏകോപനത്തിനായി കല്പറ്റയില് സഭയുടെ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരയ്ക്കാര്‍ ഉദ്ഘാടനം ചെയ്തു.
കേരള സോഷ്യല്‍ സര്‍വീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, കെസിബിസി പോസ്റ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് കണ്സള്ട്ടേഷന് ടീമംഗങ്ങളായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. റൊമാന്‍സ് ആന്റണി, ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍, കാരിത്താസ് ഇന്ത്യ ടീം ലീഡ് ഡോ. വി.ആര്. ഹരിദാസ്, കാത്തലിക് റിലീഫ് സര്‍വീസസ് പ്രതിനിധി അരുളപ്പ, ജീവന ഡയറക്ടര്‍ ഫാ. ആല്‍ഫ്രഡ് വി.സി, കെസിബിസി വനിതാ കമ്മീഷന് അംഗങ്ങള്‍, പ്രോഗ്രാം ലീഡ് കെ.ഡി. ജോസഫ്, കെഎസ്എസ്എഫ് ടീം അംഗങ്ങള്‍, മറ്റ് സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ദുരന്തത്തെത്തുടര്‍ന്ന് ഇതുവരെ നടത്തിയ അടിയന്തര ഇടപെടലുകളും ലഭ്യമാക്കിയ സഹായധനമുള്‍പ്പെടെ യുള്ള പ്രവര്‍ത്തനങ്ങൾ യോഗം വിലയിരുത്തി. ഭാവി പ്രവര്‍ത്തനങ്ങളുടെ മുന്‍ഗണനകളും പ്രവര്‍ത്തന പ്ലാനും തയാറാക്കുകയും ചെയ്തു.