പച്ചക്കറി, മീൻ, കോഴി വില താഴേക്ക്
Wednesday, August 14, 2024 1:50 AM IST
എസ്. റൊമേഷ്
കൊച്ചി: സംസ്ഥാനത്ത് പച്ചക്കറികൾക്കും കോഴിക്കും മീനിനുമൊക്കെ വില കുത്തനെ കുറഞ്ഞു. ഒരു മാസം മുന്പ് 200 കടന്ന ബീൻസിന്റെ മൊത്തവില കൊച്ചിയിൽ 25ലേക്ക് വീണു. ചില്ലറ വില 34-40ലേക്കും.
നൂറും കടന്നു കുതിച്ച തക്കാളി വിലയും കുത്തനെ താഴോട്ടിറങ്ങി. ഒന്നാംതരം തക്കാളിക്ക് 36-40 രൂപയാണിപ്പോൾ കൊച്ചിയിലെ ചില്ലറ വില. നാടൻ തക്കാളി എന്നറിയപ്പെടുന്ന രണ്ടാം തരം തക്കാളി 20-28 രൂപയ്ക്കു വാങ്ങാം.
വെണ്ടയ്ക്ക 32-40, മുരിങ്ങക്കോൽ 40-50, വെള്ളരി 18-24, പയർ 25-36, പാവയ്ക്കാ 50-60, പടവലം-40-45 എന്നിങ്ങനെയാണ് മറ്റിനങ്ങളുടെ ചില്ലറവില. ചില മാളുകളിൽ ഉപഭോക്താക്കളെ ആകർഷിക്കാൻ ഇതിലും വില കുറച്ചും വിൽക്കുന്നുണ്ട്.
കഴിഞ്ഞ വേനൽക്കാലത്ത് തമിഴ്നാട്ടിലും കർണാടകയിലും നല്ല മഴ ലഭിച്ചിരുന്നു. രണ്ടു സംസ്ഥാനങ്ങളിലും നല്ല തോതിൽ പച്ചക്കറി വിളവെടുക്കാൻ സാധിച്ചു. ഇതാണ് വില കുത്തനെ ഇടിയാൻ ഇടയാക്കിയത്.
അതേസമയം സവോളയ്ക്കും ഉരുളനും ഉള്ളിക്കും വില താരതമ്യേന കൂടുതലാണ്. ഉത്തരേന്ത്യയിലെ കടുത്ത വേനൽ മൂലം വേണ്ടത്ര ഉത്പാദനം ലഭിക്കാത്തതാണ് വില കൂടാൻ കാരണം.
ട്രോളിംഗ് നിരോധനം അവസാനിച്ചതും ഇന്ത്യൻ വലയിൽ കടലാമ കുടുങ്ങുന്നു എന്ന കാരണത്താൽ അമേരിക്ക ഇന്ത്യയിൽനിന്നുള്ള ചെമ്മീൻ കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയതും മീൻ വിലയിൽ കുറവുണ്ടാക്കി.
ഹാർബറിന് അടുത്ത പ്രദേശങ്ങളിൽ ഇടത്തരം വലിപ്പമുള്ള കരിക്കാടി ചെമ്മീൻ കിലോയ്ക്ക് നൂറു രൂപയ്ക്കുവരെ ലഭിക്കും. തെള്ളി ചെമ്മീന് ( ചെറിയ ചെമ്മീൻ) കിലോയ്ക്ക് നൂറു രൂപ മുതൽ വിപണിയിൽ ലഭ്യമാണ്.
ചെറിയ അയലയും 100 രൂപയ്ക്ക് ലഭിക്കും. കൂട്ടുമീൻ(മിക്സ്) കിലോയ്ക്ക് അറുപതു രൂപ മുതലാണ് വില. നേരത്തെ 500-600 രൂപ വിലയുണ്ടായിരുന്ന കറുത്ത ആവോലിയുടെ ഇപ്പോഴത്തെ വില 320-500 ആണ് . എന്നാൽ മത്തിക്ക് ഒട്ടും വിലക്കുറവില്ല. ഇപ്പോഴും 250-300 തന്നെ. വലിയ അയലയ്ക്കും വിലയുണ്ട്.
തെക്കൻ ജില്ലകളിൽ കണവ കഴിഞ്ഞ ദിവസം 200-220 റേഞ്ചിലാണ് വിറ്റത്. കടൽ വരാലിന് 80-120 രൂപയാണ്. നേരത്തേ 180 രൂപ വരെ കുതിച്ചുയർന്ന ഇറച്ചിക്കോഴിക്കും വിലയിടിഞ്ഞു. 100-120 രൂപ വരെയാണ് ഇപ്പോഴത്തെ വില.