ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തു
Thursday, July 25, 2024 1:44 AM IST
കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതു ഹൈക്കോടതി ഒരാഴ്ചത്തേക്കു സ്റ്റേ ചെയ്തു.
നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് പി.എം. മനോജിന്റെ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. വിവരാവകാശ നിയമപ്രകാരം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സര്‍ക്കാര്‍ കൈമാറാന്‍ ഇരിക്കേയായിരുന്നു കോടതിയുടെ ഇടപെടലുണ്ടായത്.
റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സിനിമാ മേഖലയിലെ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുമെന്നാരോപിച്ചാണു ഹര്ജിക്കാരന് കോടതിയെ സമീപിച്ചത്. അതിനാല്‍ തുടര്‍നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ഹര്‍ജിക്കാരന്റെ വാദങ്ങളെ വിവരാവകാശ കമ്മീഷന് കോടതിയില്‍ ശക്തമായി എതിര്‍ത്തിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഹര്ജിക്കാരന് കക്ഷിയല്ലെന്നും കമ്മിറ്റിക്കു മുന്‍പാകെ ഹാജരായിട്ടില്ലെന്നും കമ്മീഷന് കോടതിയില്‍ ചൂണ്ടിക്കാട്ടി.
റിപ്പോര്‍ട്ടില്‍ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന കാര്യങ്ങളുണ്ടെന്ന് ഹര്ജിക്കാരന് എങ്ങനെ പറയാനാകും? ഹര്ജിക്കാരന് മറ്റാര്‍ക്കോവേണ്ടി സംസാരിക്കുകയാണെന്നും ഹര്‍ജി തള്ളിക്കളയണമെന്നും വിവരാവകാശ കമ്മീഷന് ആവശ്യപ്പെട്ടിരുന്നു. ആരുടെയും സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള ഒന്നുംതന്നെ പുറത്ത് നല്കരുതെന്നു വ്യക്തമാക്കിയിട്ടുള്ളതാണ്.
ഇതുവരെയും കോടതിയെ സമീപിക്കാതെ അവസാന നിമിഷമാണ് ഹര്ജിക്കാരന് കോടതിയിലെത്തിയതെന്നും കമ്മീഷന്റെ അഭിഭാഷകന് ചൂണ്ടിക്കാട്ടി. എന്നാല്‍ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മൊഴി നല്‍കിയവരെ സിനിമാ മേഖലയിലുള്ളവര്‍ തിരിച്ചറിയുമെന്ന് ഹര്‍ജിക്കാരനും വാദം ഉന്നയിച്ചു. തുടര്‍ന്നാണ് സ്റ്റേ അനുവദിച്ച് സര്‍ക്കാര്‍ അടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ ഉത്തരവായത്.
ഹര്‍ജി ചൊവ്വാഴ്ച അക്ടിംഗ് ചീഫ് ജസ്റ്റീസ് അടങ്ങിയ ഡിവിഷന് ബെഞ്ചിന്റെ പരിഗണനയ്ക്കു വന്നിരുന്നു. എന്നാല്‍ പൊതുതാത്പര്യ ഹര്‍ജിയായി പരിഗണിക്കാനാകില്ലെന്നത് രജിസ്ട്രി ചൂണ്ടിക്കാട്ടി. വിഷയം തന്നെയും ബാധിക്കുന്നതാണെന്നു ഹര്ജിക്കാരന് വ്യക്തമാക്കിയതിനെത്തുടര്‍ന്നാണു സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്.