എഐ കാമറ: തുക അനുവദിക്കണമെന്ന് കെല്‍ട്രോണ്‍ കോടതിയിൽ
Thursday, May 23, 2024 1:57 AM IST
കൊച്ചി: സംസ്ഥാനത്ത് എഐ കാമറകള്‍ സ്ഥാപിച്ച ഇനത്തില്‍ ലഭിക്കാനുള്ള തുകയുടെ മൂന്നും നാലും ഗഡു അനുവദിക്കണമെന്ന് കെല്‍ട്രോണ്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.
ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നല്കിയ ഹര്‍ജിയില്‍ ഫണ്ട് അനുവദിക്കുന്നത് നേരത്തേ വിലക്കിയ സാഹചര്യത്തിലാണ് തുടര്‍ഗഡുക്കള്‍ ലഭിക്കാനായി ചീഫ് ജസ്റ്റീസ് എ.ജെ. ദേശായി, ജസ്റ്റീസ് വി. ജി. അരുണ്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് മുമ്പാകെ കെല്‍ട്രോണ്‍ ഈ ആവശ്യമുന്നയിച്ചത്.
കെല്‍ട്രോണിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് ഒന്നും രണ്ടും ഗഡുവായി 11.79 കോടി വീതം നല്കാന് കോടതി നേരത്തേ അനുമതി നല്‍കിയിരുന്നു.
കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നതടക്കം ആവശ്യപ്പെട്ടാണു പ്രതിപക്ഷ നേതാക്കള്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. 236 കോടി രൂപ ചെലവിട്ട് ബിഒടി മാതൃകയിലുള്ള പദ്ധതിക്കാണു ടെൻഡര്‍ വിളിച്ചിരുന്നതെന്നും പിന്നീട് പണം നല്കി നടപ്പാക്കുന്ന രീതിയിലേക്കു മാറ്റിയെന്നുമാണ് ഹർജിക്കാരുടെ പ്രധാന ആരോപണം.