ശന്പളം മുടക്കം: സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഫെബ്രുവരിയിലെ ശന്പളം അടിയന്തരമായി ലഭ്യമാക്കണമെന്ന ആവശ്യമുന്നയിച്ചു സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ആരംഭിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു.
പൂച്ച പെറ്റു കിടക്കുന്നതിന് ഏറ്റവും നല്ല സ്ഥലം സംസ്ഥാന ഖജനാവാണെന്നു വി.ഡി. സതീശൻ പറഞ്ഞു. പിണറായി സർക്കാരിന്റെ സാന്പത്തിക നയം തിരുത്തണമെന്ന് യുഡിഎഫ് വർഷങ്ങളായി ആവശ്യപ്പെട്ടു വരികയാണ്.
പക്ഷേ, തിരുത്താൻ സർക്കാർ തയാറായില്ല. കടമെടുത്തുള്ള ധൂർത്തും അനാവശ്യ ചെലവുകളുമാണ് സംസ്ഥാനത്തെ സാന്പത്തിക പ്രതിസന്ധിയിലേക്കു തള്ളിവിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സിൽ കണ്‍വീനർ എം.എസ്. ഇർഷാദ് അധ്യക്ഷത വഹിച്ചു. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി, സെറ്റോ ചെയർമാൻ ചവറ ജയകുമാർ, കേരള ഫിനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് എസ്. പ്രദീപ്കുമാർ, ജനറൽ സെക്രട്ടറി തിബീൻ നീലാംബരൻ, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി വി.എ. ബിനു, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ട്രഷറർ കെ.എം. അനിൽകുമാർ, എ. സുധീർ, ജി.ആർ. ഗോവിന്ദ്, എൻ. റീജ, എൻ. പ്രസീന, നൗഷാദ് ബദറുദ്ദീൻ, സി.ടി. പ്രമോദ്, ജലജ, സി.സി. റെയ്സ്റ്റണ്‍ പ്രകാശ്, ജി. രാമചന്ദ്രൻനായർ, വി.എം. പാത്തുമ്മ, ആർ.രാമചന്ദ്രൻ നായർ, എം.ജി. രാജേഷ്, സുനിത എസ്. ജോർജ്, പ്രതിഭ അനിൽ എന്നിവർ പ്രസംഗിച്ചു.