യുഡിഎഫ് കുറ്റവിചാരണ സദസുകൾ ഇന്നു മുതൽ
Saturday, December 2, 2023 1:08 AM IST
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ നവ കേരള യാത്രയ്ക്കും ദുർഭരണത്തിനും അഴിമതിക്കുമെതിരേ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കുറ്റവിചാരണ നടത്താനുള്ള യുഡിഎഫിന്റെ ജനകീയ വിചാരണ ഇന്ന് ആരംഭിക്കും.
ഇന്നു മുതൽ 31 വരെ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും നടക്കുന്ന വിചാരണ സദസുകളിൽ സർക്കാരിന്റെ ദുർഭരണം കൊണ്ട് ദുരിതമനുഭവിക്കുന്നവർ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതീകാത്മകമായി വിചാരണ ചെയ്യും.
ഇന്നു മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്ത് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പൊതുമരാമത്ത് മന്ത്രിയുടെ മണ്ഡലമായ ബേപ്പൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലമായ നേമത്ത് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും സ്പോർട്സ് മന്ത്രിയുടെ മണ്ഡലമായ താനൂരിൽ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും വിചാരണ സദസുകളുടെ ഉദ്ഘാടനം നിർവഹിക്കും.
ഇന്ന് ഉച്ചകഴിഞ്ഞു മൂന്നു മുതൽ ആറു വരെയാണ് വിചാരണ സദസ് സംഘടിപ്പിക്കുന്നത്. ഏറ്റുമാനൂരിൽ പി.ജെ. ജോസഫും തൃത്താലയിൽ രമേശ് ചെന്നിത്തലയും ചേർത്തലയിൽ എം.എം. ഹസനും കാസർഗോട്ട് ഇ.ടി. മുഹമ്മദ് ബഷീറും കളമശേരിയിൽ കെ. മുരളീധരനും ആറന്മുളയിൽ ഷിബു ബേബി ജോണും ഇടുക്കിയിൽ അനൂപ് ജേക്കബും ഇരിഞ്ഞാലക്കുടയിൽ സി.പി. ജോണും കൊട്ടാരക്കരയിൽ ജി. ദേവരാജനുമാണ് വിചാരണ സദസുകള്‍ ഉദ്ഘാടനം ചെയ്യുന്നത്.