അമൃതപുരിയിക്ക് ആഘോഷമായി അമൃതാനന്ദമയിയുടെ പിറന്നാൾ
Wednesday, October 4, 2023 1:36 AM IST
അമൃതപുരി (കൊല്ലം): ലോകത്തിന്റെ മുഴുവൻ പ്രതിനിധികളും അണിനിരന്ന ആഘോഷങ്ങളുമായി അമൃതപുരിയിൽ മാതാ അമൃതാനന്ദമയിയുടെ ജന്മവാർഷികദിനം. ഇന്നലെ രാവിലെ ഏഴിന് മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാന് സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ നേതൃത്വത്തില്‍ സത്സംഗം നടന്നു.
തുടർന്ന് ഗുരുപാദുക പൂജയ്ക്ക് ശേഷം അമൃതാനന്ദമയി ജന്മദിന സന്ദേശം നൽകി. ധ്യാനം, വിശ്വശാന്തി പ്രാർഥന എന്നിവയും നടന്നു. പിന്നീട് നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി മഹേന്ദ്രനാഥ് പാണ്ഡേ, കേന്ദ്ര സഹമന്ത്രിമാരായ അശ്വിനി കുമാർ ചൗബേ, വി. മുരളീധരൻ, നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ പങ്കെടുത്തു.
അമൃതവർഷം എന്നാൽ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷം മാത്രമല്ല പുരാതന ഭാരതീയ സംസ്കാരത്തിന്റെ പ്രകീർത്തനം കൂടിയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. ഒരമ്മ തന്റെ മക്കളെ എങ്ങനെയാണോ സ്നേഹത്തോടെയും കരുതലോടെയും വളർത്തുന്നത് അതു പോലെയാണ് മാതാ അമൃതാനന്ദമയി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സങ്കടങ്ങളുമായെത്തുന്ന മക്കളുടെ കണ്ണുനീരൊപ്പുന്നതെന്ന് കേന്ദ്ര ഘന വ്യവസായമന്ത്രി മഹേന്ദ്രനാഥ് പാണ്ഡെ പറഞ്ഞു. ഭാരതത്തിന്റെ സംസ്കാരവും പാരമ്പര്യവും ലോകം മുഴുവൻ എത്തിക്കുന്നതിനായി അവർ അക്ഷീണം പ്രയത്നിച്ചുകൊണ്ടിരിക്കുകയാണ്.
അനുകമ്പയുടെ ആൾരൂപമായ അമ്മയുടെ ജീവിതം ദരിദ്രരെയും അശരണരെയും നിരാലംബരെയും സേവിക്കുന്നതിനായി സമർപ്പിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തെ എങ്ങനെ നിസ്വാർഥമായി സേവിക്കണം എന്ന കാര്യത്തിൽ മാതാ അമൃതാനന്ദമയി ലോകത്തിനാകെ പ്രചോദനമാണെന്ന് കേന്ദ്ര സഹമന്ത്രി അശ്വിനി കുമാർ ചൗബേ പറഞ്ഞു.
മുഴുവൻ ലോകത്തിന്റെ നന്മ ആഗ്രഹിക്കുന്ന സമൂഹമാണ് നമ്മുടേത്. ആ ഭാരതീയ പാരമ്പര്യമാണ് അമ്മയിലൂടെ നിലനിന്നു പോകുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന് പറഞ്ഞു.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ശശി തരൂർ എം.പി, സ്വാമി ചിദാനന്ദപുരി, ദുബായ് ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് സയീദ് അൽ മസ്സ എന്നിവരും അമ്മയ്ക്ക് ആശംസകള്‍ നേർന്ന് പ്രസംഗിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസ ശബ്ദ സന്ദേശമായി സദസിനെ കേൾപ്പിച്ചു.
കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ അമൃതശ്രീ പദ്ധതി വിപുലീകരണ പദ്ധതിയുടെ ഉദ്ഘാടനവും, രാജ്യമെമ്പാടുമായി അമൃതശ്രീ തൊഴിൽ നൈപുണ്യ വികസനകേന്ദ്രങ്ങളിൽ നിന്നായി പരിശീലനം പൂർത്തിയാക്കിയ ആദ്യബാച്ചിലെ 5000 സ്ത്രീകൾക്കുള്ള ബിരുദദാന വിതരണവും, 300 പേർക്ക് നൽകുന്ന സൗജന്യ ചികിത്സാ പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിന്റെ ഭാഗമായി നടന്നു, 54 സമൂഹ വിവാഹങ്ങള്‍ പിറന്നാളിന്റെ സൗന്ദര്യം കൂട്ടി. നിർധനരായ നാല് ലക്ഷം പേർക്ക് പിറന്നാള്‍ സമ്മാനമായി വസ്ത്രങ്ങള്‍ വിതരണം ചെയ്തു.