ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്: തുടർനടപടികൾ വേഗത്തിലാക്കണമെന്ന് സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ
Sunday, October 1, 2023 1:33 AM IST
കൊച്ചി: കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ നിയോഗിച്ച ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ നിർദേശങ്ങൾ സഭകളുമായി ചർച്ച ചെയ്യണമെന്നും ആത്മാർഥവും കാര്യക്ഷമവുമായ തുടർനടപടികൾ സ്വീകരിക്കണമെന്നും സീറോ മലബാർ സഭാ പബ്ലിക് അഫയേഴ്സ് കമ്മീഷൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
കമ്മീഷൻ മുന്പാകെ പരാതികളും നിവേദനങ്ങളും നൽകുന്നതിൽ വലിയ ബഹുജന പങ്കാളിത്തമുണ്ടായിരുന്നു. അഞ്ചുലക്ഷത്തിലധികം പരാതികൾ സമർപ്പിക്കപ്പെട്ടു എന്നത് ഈ ബഹുജന പങ്കാളിത്തത്തിന്റെ പ്രതിഫലനമാണ്.
സീറോമലബാർ സഭ വ്യക്തമായ പഠനങ്ങളുടെയും ശാസ്ത്രീയമായ വിലയിരുത്തലുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ പിന്നാക്കാവസ്ഥ സംബന്ധിച്ച സമഗ്രമായ റിപ്പോർട്ട് തയാറാക്കി കമ്മീഷനു സമർപ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ അഞ്ഞൂറിലധികം നിർദേശങ്ങളടങ്ങുന്ന ഒരു റിപ്പോർട്ടാണ് സംസ്ഥാന സർക്കാരിനു സമർപ്പിച്ചിട്ടുള്ളത്.
എന്നാൽ, ഈ റിപ്പോർട്ട് സമർപ്പിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും സംസ്ഥാന സർക്കാർ ഇതു പുറത്തുവിടുകയോ നിയമസഭയിൽ ചർച്ചയ്ക്കു വയ്ക്കുകയോ, ക്രൈസ്തവ സഭകളുമായി ആലോചിച്ച് തുടർനടപടികൾക്ക് തയാറാവുകയോ ചെയ്യാതെ മെല്ലെപ്പോക്ക് നയം സ്വീകരിക്കുകയാണ്.
പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, കൺവീനർ ബിഷപ് മാർ തോമസ് തറയിൽ, സെക്രട്ടറിമാരായ റവ. ഡോ. ഏബ്രഹാം കാവിൽപുരയിടത്തിൽ, ഫാ. ജെയിംസ് കൊക്കാവയലിൽ എന്നിവർ പങ്കെടുത്തു.