കെ ഫോണ് ടെൻഡർ വ്യവസ്ഥ ലംഘിച്ചെന്ന് എജി റിപ്പോർട്ട്
Friday, June 9, 2023 1:04 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കിയ കെ ഫോണ് പദ്ധതിയിൽ മേക്ക് ഇൻ ഇന്ത്യ മാനദണ്ഡം ലംഘിച്ചതായി അക്കൗണ്ടന്റ് ജനറലിന്റെ(എജി) റിപ്പോർട്ട്. സംസ്ഥാന സർക്കാർ നടപ്പാക്കിയ കെ ഫോണ് പദ്ധതിയിൽ ടെൻഡർ വ്യവസ്ഥ ലംഘിച്ചതായാണ് എജിയുടെ കണ്ടെത്തൽ.
പദ്ധതിക്കായി ഉപയോഗിച്ച ഒപിജിഡബ്ളിയു കേബിളിന്റെ 70 ശതമാനത്തോളം ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്തതാണെന്നാണ് എജിയുടെ റിപ്പോർട്ടിൽ പറയുന്നത്. എൽഎസ് കേബിൾ എന്ന കന്പനി നൽകിയ കേബിളുകളിൽ 70 ശതമാനം ഭാഗം ചൈനയിൽ നിന്നുള്ളതാണെന്നും കണ്സോർഷ്യത്തിൽ പങ്കാളിയായ എൽഎസ് കേബിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നൽകിയ ഒപ്റ്റിക്കൽ ഗ്രൗണ്ട് വയറിന്റെ പ്രധാന ഘടകമായ ഒപ്റ്റിക്കൽ യൂണിറ്റ് ചൈനീസ് കന്പനിയുടേതാണെന്നും എജി റിപ്പോർട്ടിലുണ്ട്.
ടെൻഡർ വ്യവസ്ഥ ലംഘിച്ച് കെ ഫോണ് പദ്ധതിയുടെ നടത്തിപ്പുകാരായ കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് കേബിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കന്പനിക്ക് വഴിവിട്ട സഹായം നൽകിയെന്നും എജിയുടെ റിപ്പോർട്ടിൽ പറയുന്നു.
ടിജിജി-ചൈന എന്ന കന്പനിയിൽ നിന്നാണ് സംസ്ഥാനത്തേക്ക് ഒപ്റ്റിക്കൽ യൂണിറ്റ് ഇറക്കുമതി ചെയ്തിരിക്കുന്നത്. ഈ ഒപ്റ്റിക്കൽ യൂണിറ്റിന് 220 കെവി ലൈനിനുവേണ്ടി കെഎസ്ഇബി വാങ്ങുന്ന കേബിളിനേക്കാൾ ആറുമടങ്ങ് വില ഉയർന്നതാണെന്നും അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോർട്ടിൽ പറയുന്നു.
മാനദണ്ഡങ്ങൾ പാലിച്ചു തന്നെയാണ് കേബിളുകൾ വാങ്ങുന്നതിനു കരാർ നൽകിയതെന്നാണ് പദ്ധതിയുടെ നടത്തിപ്പുകാരായ കെഎസ്ഐടിഐഎല്ലിന്റെ വിശദീകരണം. വ്യവസ്ഥകൾ ലംഘിച്ചിട്ടില്ല. ഇന്ത്യയുടെ അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നും സബ് കോന്പോണന്റുകൾ ഇറക്കുമതി ചെയ്യുന്നതിനു തടസമില്ലെന്നാണ് കേന്ദ്ര സർക്കാർ ഉത്തരവിലൂടെ വ്യക്തമാക്കിയിരിക്കുന്നതെന്നും കെഎസ്ഐടിഐഎൽ വൃത്തങ്ങൾ വാദിക്കുന്നു.
ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത ഒപ്റ്റിക്കൽ യൂണിറ്റിന്റെ ഗുണനിലവാരത്തിൽ വ്യക്തത ഇല്ലെന്നു കെ ഫോണ് പദ്ധതിയിൽ പങ്കാളികളായ കെഎസ്ഇബി ആരോപിക്കുകയും ഇതിനു പിന്നാലെ ഈ വിഷയത്തിൽ ഉന്നത സമിതിയുടെ പരിശോധന നിർദേശിക്കുകയും ചെയ്തിരുന്നു.
ഒപ്റ്റിക്കൽ യൂണിറ്റാണ് ഒപിജിഡബ്ളിയു കേബിളിന്റെ പ്രധാന ഭാഗം. ഇത് കേബിളിന്റെ 60 മുതൽ 70 ശതമാനം വരെ വരുമെന്നാണ് വിവരം. ഒപ്റ്റിക്കൽ യൂണിറ്റ് നിർമിക്കാനുള്ള സംവിധാനം എൽഎസ് കേബിളിന്റെ ഹരിയാന ഫാക്ടറിയിൽ ഇല്ലെന്നു മാത്രമല്ല യൂണിറ്റിനു അലുമിനിയത്തിന്റെ ആവരണം നൽകുന്ന ജോലി മാത്രമാണ് ഇവർ ചെയ്യുന്നതെന്നും എജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കെഎസ്ഐടിഐഎൽ പ്രതിനിധികൾ ഫാക്ടറി സന്ദർശിച്ച് ഇക്കാര്യങ്ങൾ മനസിലാക്കിയിട്ടും എൽഎസ് കേബിൾ നൽകിയ രേഖകൾ അംഗീകരിച്ച നടപടി വിചിത്രമാണെന്നും എജി റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ട്. മാത്രമല്ല ഇത്തരം കേബിളുകൾ നിൽമിക്കുന്ന രണ്ടു കന്പനികൾ ഇന്ത്യയിൽ ഉണ്ടായിട്ടും ഒപ്റ്റിക്കൽ യൂണിറ്റ് ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യാനുള്ള സാഹചര്യം എന്താണെന്നും എൽഎസ് കന്പനി വ്യക്തമാക്കിയിട്ടില്ല.