എഐ കാമറ; ആദ്യദിനം 28,891 ലംഘനങ്ങൾ
Tuesday, June 6, 2023 12:39 AM IST
തിരുവനന്തപുരം: ഗതാഗതനിയമലംഘനങ്ങൾ കണ്ടെത്താൻ മോട്ടോർവാഹനവകുപ്പ് സ്ഥാപിച്ച എഐ കാമറകൾ വഴി ആദ്യദിനം 28,891 പേർക്ക് പിഴ ചുമത്തി.
ഇന്നലെ രാവിലെ എട്ടുമുതൽ വൈകുന്നേരം അഞ്ച് വരെയുള്ള നിയമലംഘനങ്ങളുടെ കണക്കുകളാണ് വകുപ്പ് പുറത്തു വിട്ടത്. 726 കാമറകളിൽ 692 എണ്ണമാണ് ഇന്നലെ രാവിലെ മുതൽ പ്രവർത്തിച്ചു തുടങ്ങിയത്. 250 മുതൽ 3000 വരെ രൂപ പിഴ ഈടാക്കാൻ കഴിയുന്ന കുറ്റങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. നിയമലംഘനങ്ങൾ നടത്തിയ വാഹന ഉടമകൾക്ക് ഉടൻ നോട്ടീസ് അയയ്ക്കും. ഇതിനൊപ്പം മൊബൈൽ നന്പറിലേക്ക് എസ്എംഎസും ലഭിക്കും.
കാമറ കണ്ടെത്തുന്ന നിയമലംഘനങ്ങൾ കെൽട്രോണിന്റെ ജീവനക്കാർ മോട്ടോർ വാഹനവകുപ്പിനു കൈമാറും. തുടർന്ന് നിയമലംഘനത്തിന്റെ ചിത്രം പരിശോധിച്ച ശേഷം മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടർമാരാണ് പിഴ ചുമത്തുന്നത്.
ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ഉപയോഗിക്കാതിരിക്കൽ, സിഗ്നൽ ലംഘനം, ഡ്രൈവിംഗിനിടെയുള്ള മൊബൈൽഫോണ് ഉപയോഗം, ഇരുചക്രവാഹനങ്ങളിൽ രണ്ടിലധികം യാത്രക്കാർ, നോ പാർക്കിംഗ്, അതിവേഗം എന്നീ നിയമലംഘനങ്ങളാണ് കാമറകൾ വഴി കണ്ടെത്തുന്നത്.