കെ ഫോണ് നാടിനു സമർപ്പിച്ചു
Tuesday, June 6, 2023 12:39 AM IST
തിരുവനന്തപുരം: എല്ലാവർക്കും ഇന്റർനെറ്റ് എന്നു പറഞ്ഞപ്പോൾ സ്വപ്നമായേ എല്ലാവരും കണക്കാക്കിയുള്ളുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ അതും ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നു. നമ്മുടെ രാജ്യത്ത് ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച ഒരു നാടേ ഉള്ളൂ, അതു കേരളമാണ്.
അതു കേവലം പ്രഖ്യാപനം മാത്രമായി ഒതുങ്ങുന്നില്ല എന്നുറപ്പുവരുത്താനാണു സർക്കാർ കെ ഫോണ് പദ്ധതി നടപ്പാക്കുന്നത്. അതിലൂടെ എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണ്. അങ്ങനെ ഇന്റർനെറ്റ് എന്ന അവകാശം എല്ലാവർക്കും പ്രാപ്യമാകുന്നു എന്ന് ഉറപ്പുവരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. കെ ഫോണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
നിലവിൽ 17,412 സർക്കാർ സ്ഥാപനങ്ങളിൽ കെ ഫോണ് കണക്ഷൻ ലഭ്യമാക്കിക്കഴിഞ്ഞിട്ടുണ്ട്. 9,000 ത്തിലധികം വീടുകളിൽ കണക്ഷൻ ലഭ്യമാക്കാനുള്ള കേബിൾ വലിച്ചു. 2,105 വീടുകൾക്ക് കണക്ഷനും നൽകി. കേരളത്തിലെ എല്ലാ വീടുകളിലും സർക്കാർ ഓഫീസുകളിലും എത്രയും വേഗം തന്നെ ബ്രോഡ്ബാൻഡ് കണക്ടിവിറ്റിയും ഇന്റർനെറ്റ് സേവനങ്ങളും ലഭ്യമാക്കും. കോവിഡ് അനന്തര ഘട്ടത്തിൽ പുതിയ ഒരു തൊഴിൽസംസ്കാരം രൂപപ്പെട്ടുവരികയാണ്. വർക്ക് ഫ്രം ഹോം, വർക്ക് നിയർ ഹോം, വർക്ക് എവേ ഫ്രം ഹോം എന്നിങ്ങനെയുള്ള പ്രവൃത്തിരീതികൾ വർധിച്ച തോതിൽ നിലവിൽ വരികയാണ്.
അവയുടെ പ്രയോജനം നമ്മുടെ ചെറുപ്പക്കാർക്കു ലഭിക്കണമെന്നുണ്ടെ ങ്കിൽ മികച്ച ഇന്റർനെറ്റ് സേവനങ്ങൾ നാട്ടിൽ എല്ലായിടത്തും ഉണ്ടാകണം. അതിനുള്ള ഉപാധിയാണ് കെ ഫോണ് പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ കന്പനികൾ ഈ മേഖലയിൽ ഉള്ളപ്പോൾ സംസ്ഥാന സർക്കാർ എന്തിനാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്നു ചോദിച്ചവർ ഇവിടെയുണ്ട്. പൊതുമേഖലയിൽ ഒന്നും വേണ്ട
എല്ലാം സ്വകാര്യ മേഖലയിൽ മതിയെന്നു ചിന്തിക്കുന്നവർ ഉണ്ട്. ഇക്കൂട്ടർക്ക് എളുപ്പം മനസിലാവുന്നതല്ല കേരളത്തിന്റെ ബദൽ. ഇതേ ആളുകൾ തന്നെയാണു മലർപ്പൊടിക്കാരന്റെ സ്വപ്നം എന്നും ദിവാസ്വപ്നം എന്നുമൊക്കെ വിളിച്ചു കിഫ്ബിയെ ആക്ഷേപിക്കാൻ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ കെ ഫോണ് കണക്ഷനിലൂടെ മുഖ്യമന്ത്രി വിവിധ സ്ഥലങ്ങളിലെ ആളുകളുമായി നേരിട്ടു സംസാരിക്കുകയും ചെയ്തു. മന്ത്രിമാരായ ആന്റണി രാജു, കെ.എൻ.ബാലഗോപാൽ, ഡോ. ആർ.ബിന്ദു, വി.ശിവൻകുട്ടി, എം.ബി.രാജേഷ്, കെ.കൃഷ്ണൻകുട്ടി, ജി.ആർ.അനിൽ, റോഷി അഗിസ്റ്റിൻ, മേയർ ആര്യ രാജേന്ദ്രൻ, വി.കെ.പ്രശാന്ത് എംഎൽഎ എന്നിവർ പ്രസംഗിച്ചു.
പ്രതിപക്ഷ നേതാവിനെതിരേ മുഖ്യമന്ത്രി
തിരുവനന്തപുരം: കെ ഫോണ് പദ്ധതിയുടെ ഉദ്ഘാടന പ്രസംഗത്തിൽ പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാട്ടിൽ ജനങ്ങൾക്കായി ഏതു പദ്ധതി കൊണ്ടുവന്നാലും അഴിമതിയെന്നു സ്ഥിരമായി ചൊല്ലിക്കൊണ്ടിരിക്കുകയാണ് ഒരു കൂട്ടർ. നട്ടാൽ പൊടിക്കാത്ത നുണകൾ വാരിവിതറുന്നു.
പരിതാപകരമായ മാനസികാവസ്ഥയിലാണു പ്രതിപക്ഷം. ജനങ്ങളെ കൊഞ്ഞനം കുത്തുന്ന പദ്ധതിയെന്നാണു കെ ഫോണിനെതിരേ പ്രതിപക്ഷ നേതാവ് പറഞ്ഞു നടക്കുന്നത്. എന്തു നല്ല കാര്യം വന്നാലും എതിർക്കുകയെന്ന പണി മാത്രമാണു പ്രതിപക്ഷം ചെയ്യുന്നതെന്നും കൊഞ്ഞനം കുത്തൽ പ്രതിപക്ഷ നേതാവ് സ്വയം ഏറ്റെടുത്താൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിച്ചിരുന്നു.