തിരുവനന്തപുരം: എമർജൻസി വാഹനങ്ങളെ എഐ കാമറ വഴിയുള്ള നിയമ ലംഘനങ്ങളിൽനിന്ന് ഒഴിവാക്കും. ഇത്തരം വാഹനങ്ങളെ പിഴകളിൽനിന്ന് ഒഴിവാക്കാൻ ചട്ടമുണ്ട്. പോലീസും ഫയർഫോഴ്സും ആംബുലൻസും കൂടാതെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുള്ള വാഹനങ്ങളും ഈ വിഭാഗത്തിൽ വരും. എമർജൻസി വാഹനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന ബീക്കണ്‍ ലൈറ്റുകൾ പോലുള്ള സംവിധാനങ്ങൾ എഐ കാമറ തിരിച്ചറിയുന്നതു വഴിയാണ് ഇത്തരം വാഹനങ്ങൾ പിഴയിൽ നിന്ന് ഒഴിവാകുന്നത്.
12 വയസിൽ താഴെയുള്ളവർക്ക് പിഴയില്ല തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിൽ മൂന്നാം യാത്രക്കാരനായി 12 വയസിൽ താഴെയുള്ളവരെ തത്കാലം അനുവദിക്കും. ഹെൽമറ്റ് ധരിച്ചുള്ള യാത്രയ്ക്ക് പിഴയീടാക്കില്ല.
മൂന്നാം യാത്രക്കാരനായി 12 വയസിൽ താഴെയുള്ള കുട്ടികളെ അനുവദിക്കുന്നതിനു കേന്ദ്രനിയമത്തിൽ ഭേദഗതി വേണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രതീരുമാനം വരും വരെ 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇരുചക്രവാഹനയാത്രയിൽ പിഴ ഈടാക്കില്ലെന്നു മന്ത്രി ആന്റണി രാജു വ്യക്തമാക്കി. നാലു വയസിനു മുകളിലുള്ള എല്ലാ കുട്ടികളും ഹെൽമറ്റ് ധരിക്കണം.
പിഴ ഇങ്ങനെ തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച എഐ കാമറകൾ വഴി 250 രൂപ മുതൽ 2000 രൂപ വരെയുള്ള പിഴയാണ് ചുമത്തുക.
ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ.
സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ.
ഇരുചക്ര വാഹനത്തിൽ രണ്ടിൽ കൂടുതൽ പേർ യാത്ര ചെയ്താൽ 1000 രൂപ.
ഡ്രൈവിംഗിനിടെ ഫോണ്‍ ഉപയോഗിച്ചാൽ 2000 രൂപ.
അനധികൃത പാർക്കിംഗ് 250 രൂപ.
അമിതവേഗം 1500 രൂപ എന്നിങ്ങനെയാണ് പിഴ. ജംഗ്ഷനുകളിൽ ചുവപ്പു സിഗ്നൽ ലംഘനം പോലുള്ള നിയമലംഘനങ്ങൾ കോടതിക്കു കൈമാറും.
ഓരോ തവണ കാമറയിൽ പതിയുന്പോഴും പിഴ ആവർത്തിക്കും.
അനധികൃത പാർക്കിംഗിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക.