സംസ്ഥാനത്തെ കൃഷി സ്വയംപര്യാപ്തമാക്കണം: ഗവർണർ
Sunday, June 4, 2023 12:17 AM IST
തൃശൂർ : സാധാരണകർഷകനും പ്രാപ്യമാകുന്ന തരത്തിൽ ചെലവുകുറഞ്ഞ സാങ്കേതികവിദ്യ വികസിപ്പിച്ചും സാമ്പത്തിക പിന്തുണ നൽകുന്നതിനുള്ള സ്ഥപനങ്ങൾ ആരംഭിച്ചും കാർഷിക സർവകലാശാല സംസ്ഥാനത്തെ കൃഷി സ്വയം പര്യാപ്തമാക്കണമെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
വെള്ളാനിക്കരയിലെ കാർഷിക സർവകലാശാല ആസ്ഥാനത്ത് നടന്ന ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ഗവർണർ. സർവകലാശാലകളിൽ നടക്കുന്ന ഗവേഷണങ്ങൾ ഉത്പാദന മികവിൽ കേന്ദ്രീകരിക്കുന്നതിനൊപ്പം സാധാരണ കർഷകർക്കു കൂടുതൽ അറിവു പകർന്ന് ശാക്തീകരിക്കുന്നതിലും പരിശീലനങ്ങൾ നൽകുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഗവർണർ പറഞ്ഞു.
മന്ത്രിയും സർവകലാശാല പ്രോ. ചാൻസലറുമായ പി. പ്രസാദ് ചടങ്ങിൽ അധ്യക്ഷനായി. കാർഷിക സമ്പദ്ഘടനയിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിയ ഒട്ടനവധി സാങ്കേതികവിദ്യകൾ സർവകലാശാലയുടെ സംഭാവനയാണെന്നും പാരിസ്ഥിതിക മേഖലകളും യൂണിറ്റുകളും അടിസ്ഥാനമാക്കിയുള്ള വിളനിർണയം, അതനുസരിച്ചുള്ള ബജറ്റിംഗ് എന്നിവയിൽ സർവകലാശാലയുടെ ഇടപെടലുകൾ കൂടുതലായി ആവശ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.
2026 ഓടുകൂടി കൃഷിക്കൂട്ടങ്ങൾ കേന്ദ്രീകരിച്ച് മൂന്നു ലക്ഷം തൊഴിലവസരങ്ങൾ കേരളത്തിൽ ഉണ്ടാക്കുവാനുള്ള ശ്രമമാണു സർക്കാർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ കാർഷിക സർവകലാശാല ബിരുദവിദ്യാർഥികൾക്കായി ഒരു ഓൺലൈൻ പഠനപരമ്പര ആരംഭിക്കുകയാണെന്നും മന്ത്രി പ്രഖ്യാപിച്ചു.
കൃഷി നഷ്ടം കുറയ്ക്കാവുന്ന വിധം കാലാവസ്ഥാ സ്മാർട്ട് കൃഷി രീതികളാണു മുന്നിൽ കാണേണ്ടതെന്നും ശാസ്ത്ര സാങ്കേതികവിദ്യയും തദ്ദേശീയ കാർഷിക നിർദ്ദേശങ്ങളും സമന്വയിപ്പിച്ച് കാലാവസ്ഥ സ്മാർട്ട് ഗ്രാമം എന്ന ആശയം രൂപവത്കരിക്കണമെന്നും ചടങ്ങിൽ വിശിഷ്ടാതിഥിയായ മന്ത്രിയും സർവകലാശാല ഭരണ സമിതി അംഗവുമായ അഡ്വ. കെ രാജൻ പറഞ്ഞു.
ചടങ്ങിൽ 804 പേർക്ക് ബിരുദവും 45 പേർക്ക് ബിരുദാനന്തര ബിരുദവും 87 പേർക്ക് ഡോക്ടറേറ്റും 148 പേർക്ക് ഡിപ്ലോമ സർട്ടിഫിക്കറ്റുകളും നൽകി.
കൃഷിശാസ്ത്രത്തിലും അനുബന്ധ വിഷയങ്ങളിലും ഉയർന്ന മാർക്ക് നേടിയവർക്കുള്ള സ്വർണ മെഡലും, ഡോ. എംആർജികെ നായർ മെമ്മോറിയൽ എൻഡോവ്മെന്റ് അവാർഡ്, ഫെമി ജോസ് മെമ്മോറിയൽ മെറിറ്റ് അവാർഡ്, ഡോ. ടി.പി. മനോമോഹൻ ദാസ് മെമ്മോറിയൽ എൻഡോവ്മെന്റ് അവാർഡ് എന്നിവയും വിതരണം ചെയ്തു. ഇൻഡ്യൻ - അമേരിക്കൻ കാർഷിക ശാസ്ത്രജ്ഞനായ ഡോ. പി.കെ.ആർ. നായർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ‘ഹോണോറിസ് കോസ’ എന്ന അംഗീകാരം നൽകി.
വൈസ് ചാൻസലർ ഡോ. ബി. അശോക്, ഡോ. റോയ് സ്റ്റീഫൻ, ഡോ. പി.ആർ. ജയൻ, ഡോ. ഇ.വി. അനൂപ്, ഡോ. സക്കീർ ഹുസൈൻ, ഡോ. എസ്. ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.