10 ഏക്കർ ഭൂമിയുള്ള കുടുംബത്തിനും വ്യവസായ സംരംഭം തുടങ്ങാം
Thursday, June 1, 2023 1:48 AM IST
തിരുവനന്തപുരം: 10 ഏക്കറോ അതിലധികമോ ഭൂമി സ്വന്തമായുള്ള രണ്ടു പേരടങ്ങുന്ന കുടുംബത്തിനും സ്വകാര്യ വ്യവസായ സംരംഭം തുടങ്ങാൻ അനുമതി. 2022ൽ കൊണ്ടുവന്ന സ്വകാര്യ വ്യവസായ എസ്റ്റേറ്റ് നയത്തിൽ ഭേദഗതി വരുത്തിയാണ് രണ്ടോ അതിലധികമോ അംഗങ്ങൾ അടങ്ങുന്ന കുടുംബത്തെ വ്യവസായങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചത്.
നിലവിൽ ചെറുകിട സംരംഭക കൂട്ടായ്മകൾ, സഹകരണ സ്ഥാപനങ്ങൾ, കൂട്ടുടമ സംരംഭകർ, കന്പനികൾ എന്നിവർക്കാണ് വ്യവസായ സംരംഭത്തിന് അപേക്ഷിക്കാൻ അർഹതയുണ്ടായിരുന്നത്. ഇതിലാണ് കുടുംബത്തേയും ഉൾപ്പെടുത്തുന്നത്. ഭൂപരിധി നിയമപ്രകാരം അവിവാഹിതനായ സ്വകാര്യവ്യക്തിക്ക് പരമാവധി ഏഴര ഏക്കർ വരെ ഭൂമിയേ കൈവശം വയ്ക്കാൻ അനുമതിയുള്ളു. അതിനാൽ വ്യക്തിക്ക് 10 ഏക്കർ വ്യവസായ ആവശ്യത്തിന് കൈവശം വയ്ക്കുന്നതിന് അനുവദിക്കാൻ നിയമതടസമുണ്ട്. ഇക്കാര്യത്തിൽ വെള്ളം ചേർക്കാനാവില്ലെന്ന് റവന്യു വകുപ്പ് ഉറച്ച നിലപാടെടുത്തതോടെയാണ് രണ്ടു പേരടങ്ങുന്ന കുടുംബത്തിന് അനുവദിക്കാമെന്ന തരത്തിൽ നിയമഭേദഗതിക്ക് മന്ത്രിസഭയിൽ ധാരണയായത്.
പദ്ധതി പ്രകാരം വ്യവസായത്തിന് ഉപയുക്തമാക്കുന്ന ഭൂമിക്ക് ഏക്കറിന് 30 ലക്ഷം മുതൽ പരമാവധി മൂന്നു കോടി രൂപ വരെ സംരംഭത്തിന് ധനസഹായം നൽകും. വൈദ്യുതി, വെള്ളം, ഗതാഗതസൗകര്യം, ഡ്രെയിനേജ്, മറ്റ് പൊതുസൗകര്യങ്ങൾ, മാലിന്യസംസ്കരണ സംവിധാനങ്ങൾ എന്നിവ ഒരുക്കുന്നതിന് ചെലവാകുന്ന തുക കണക്കാക്കിയാകും ധനസഹായം നൽകുക. വ്യവസായ ഡയറക്ടർ മുഖേന സമർപ്പിക്കുന്ന അപേക്ഷകൾ വകുപ്പുതല സെക്രട്ടറിമാരടങ്ങുന്ന ഉന്നതസമിതി പരിശോധിച്ച് സ്വകാര്യ വ്യവസായ എസ്റ്റേറ്റ് ഡവലപ്പർ പെർമിറ്റ് നൽകണമെന്നാണ് നിലവിലെ വ്യവസ്ഥ. സമിതിയിൽ ജില്ലാ കളക്ടർ, ബന്ധപ്പെട്ട മേഖലയിലെ റവന്യു, ടൗണ്‍പ്ലാനിംഗ് വിഭാഗം ഉദ്യോഗസ്ഥർ എന്നിവരെക്കൂടി ഉൾപ്പെടുത്തി.
അനുമതി ലഭിച്ച വ്യവസായ ഭൂമിയിൽ സംരംഭത്തിന് ആവശ്യമായ മറ്റ് അനുമതികളെല്ലാം വേഗത്തിലാക്കാൻ ഏകജാലക ക്ലിയറൻസ് ബോർഡ് സ്ഥാപിക്കും. ഇവർക്ക് ഇൻഡസ്ട്രിയൽ ടൗണ്‍ഷിപ്പ് ഡവലപ്മെന്റ് ചട്ടങ്ങളുടെ പരിധിയിലുള്ള മുഴുവൻ ആനുകൂല്യങ്ങൾക്കും അർഹതയുണ്ടാകും. കുറഞ്ഞത് അഞ്ചേക്കർ വരെയുള്ള വ്യവസായഭൂമിയിൽ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറികൾ സ്ഥാപിക്കാം.
ഇതുപ്രകാരം മൂന്നോ നാലോ നിലയുള്ള കെട്ടിടങ്ങളിൽ കുടിൽ വ്യവസായങ്ങൾ നടത്താനാകും. നിലവിലെ വ്യവസ്ഥയനുസരിച്ച് സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറികൾക്ക് ധനസഹായത്തിന് അർഹതയില്ലായിരുന്നു. ഇപ്പോൾ വരുത്തിയ ഭേദഗതിയിലൂടെ ഇവരെയും ധനസഹായ പരിധിയിൽ ഉൾപ്പെടുത്തി.
സ്വകാര്യ വ്യവസായ എസ്റ്റേറ്റ് ഡവലപ്പർ പെർമിറ്റിന് 30 വർഷ കാലാവധിയുണ്ടായിരുന്നത് ഇപ്പോൾ ഒഴിവാക്കി. 30 വർഷമോ അതിനു മുകളിലോ പാട്ടക്കാലാവധിയിൽ ഭൂമി കൈവശം വച്ചിരിക്കുന്നവർക്കും ഡവലപ്പർ പെർമിറ്റിന് അപേക്ഷിക്കാം.
സംസ്ഥാനത്ത് കൂടുതൽ വ്യവസായസ്ഥാപനങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഭേദഗതി കൊണ്ടുവരുന്നത്.