കസ്റ്റഡിയിലുള്ള പ്രതികളുടെ വൈദ്യപരിശോധന: മാർഗനിർദേശങ്ങൾ പുറത്തിറക്കി
Sunday, May 28, 2023 2:58 AM IST
തിരുവനന്തപുരം: കസ്റ്റഡിയിലുള്ള പ്രതികളെ വൈദ്യപരിശോധനയ്ക്ക് എത്തിക്കുന്പോൾ ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്നും അക്രമാസക്തനാകാൻ ഇടയുണ്ടോയെന്നും മുൻകൂട്ടി കണ്ടെത്തണമെന്നത് അടക്കമുള്ള മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി പോലീസ്.
കസ്റ്റഡിയിലുള്ളവരുടെ കൈവശം ആയുധമില്ലെന്ന് ഉറപ്പാക്കണം. ശരീരത്തിലോ വസ്ത്രത്തിലോ ആയുധം, ലഹരിമരുന്ന്, മദ്യം, വിഷം എന്നിവ ഒളിപ്പിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം. അക്രമാസക്തനാകാൻ സാധ്യതയുണ്ടെങ്കിൽ ഇതു മുൻകൂട്ടി ഡോക്ടറെ അറിയിക്കണം. അക്രമാസക്തനായാൽ പോലീസ് ഉടൻ ഇടപെടണം. പരിശോധനാ സമയത്ത് പോലീസ് സാന്നിധ്യം ആവശ്യമില്ലെന്ന് ഡോക്ടർ പറഞ്ഞാൽ മാറിനിൽക്കാം. അക്രമം കാട്ടിയാൽ ഡോക്ടറുടെ സമ്മതത്തിന് കാത്തുനിൽക്കാതെ ഇടപെടാം.
കുഴപ്പക്കാരെ വൈദ്യപരിശോധനയ്ക്കെത്തിക്കുന്പോൾ ബന്ധുവോ നാട്ടുകാരനോ ഒപ്പമുണ്ടാകണം. കസ്റ്റഡിയിലുള്ളയാളെ കാണാൻ കഴിയുന്ന അകലത്തിലാകണം പോലീസ് നിൽക്കേണ്ടത്. മെഡിക്കൽ ഉപകരണങ്ങൾ കസ്റ്റഡിയിലുള്ളവരുടെ കൈ അകലത്ത് ഇല്ലെന്ന് ഉറപ്പാക്കണം.
ഇത്തരക്കാരെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കുന്പോഴും അക്രമസാധ്യത മുൻകൂട്ടി മജിസ്ട്രേറ്റിനെ അറിയിക്കണം. മജിസ്ട്രേറ്റിന്റെ അനുവാദം വാങ്ങി കൈവിലങ്ങ് ധരിപ്പിക്കാം. അക്രമം തടയാൻ പോലീസുകാർക്ക് പ്രത്യേക പരിശീലനവും നൽകും. പോലീസ് കസ്റ്റഡിയിലുള്ളവരെ ഡോക്ടർക്കും മജിസ്ട്രേട്ടിനും മുന്നിൽ ഹാജരാക്കുന്പോൾ പാലിക്കേണ്ട പ്രോട്ടോകോളിന്റെ കരട് സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു.